| Wednesday, 9th November 2022, 3:29 pm

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല; തുറന്നടിച്ച് ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന പുരുഷ ടി20 ലോകകപ്പ് അതിന്റെ ആവേശക്ലൈമാക്‌സിനോടടുക്കുകയാണ്. ആദ്യ സെമിഫൈനലില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്.

രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.

എന്നാല്‍ പാകിസ്ഥാന്‍- ഇന്ത്യ ഫൈനലിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരവും ക്യാപ്റ്റനുമായ ജോസ് ബട്‌ലര്‍.

ഇന്ത്യ- പാക് ഫൈനല്‍ കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അത് സംഭവിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നുമാണ് ബട്‌ലര്‍ പറയുന്നത്.

”നോക്കൂ, ഞങ്ങള്‍ തീര്‍ച്ചയായും ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത് സംഭവിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പറ്റുന്നതെല്ലാം ചെയ്യും, അതിനുവേണ്ടി ശ്രമിക്കും.

ഇന്ത്യ വളരെ വളരെ ശക്തരായ ഒരു ടീമാണ്. കഴിഞ്ഞ കുറേ കാലമായി ഇന്ത്യന്‍ ടീം വളരെ കണ്‍സിസ്റ്റന്റായാണ് കളിക്കുന്നത്. സ്വാഭാവികമായും ഈ ടീമിലെ താരങ്ങളുടെ കഴിവിന്റെ അളവാണ് ഇത് കാണിക്കുന്നത്.

അത്രയും ഫന്റാസ്റ്റിക്കായ പ്ലെയേഴ്‌സാണ് അവരുടെ ലൈനപ്പിലുള്ളത്,” ഇന്ത്യ- ഇംഗ്ലണ്ട് സെമിക്ക് മുമ്പ് നടന്ന പ്രീ മാച്ച് പത്ര സമ്മേളനത്തിനിടെ ബട്‌ലര്‍ പറഞ്ഞു.

ലോകകപ്പിലെ ഒരു മത്സരത്തിലും ഇന്ത്യന്‍ ടീമില്‍ യൂസ്വേന്ദ്ര ചഹല്‍ ഇടംപിടിക്കാതിരുന്നതില്‍ അത്ഭുതം തോന്നുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും ബട്‌ലര്‍ മറുപടി പറയുന്നുണ്ട്.

”യുസി ഒരു ഗ്രേറ്റ് ബൗളറാണ്. ഐ.പി.എല്ലില്‍ അദ്ദേഹത്തോടൊപ്പം കളിച്ചത് ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്തിട്ടുണ്ട്. വിക്കറ്റ് എടുക്കുന്നതില്‍ അദ്ദേഹത്തിന് അപാര ശ്രദ്ധയാണുള്ളത്.

കളിക്കാന്‍ ഇറക്കുകയാണെങ്കില്‍ അവന്‍ ഒരു മികച്ച ബൗളറാണെന്ന് തെളിയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ചയാണ് ഇന്ത്യൃ- ഇംഗ്ലണ്ട് സെമി ഫൈനല്‍.

ഇന്ത്യ സ്‌ക്വാഡ്: കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍) വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ആര്‍. അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ്, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍

ഇംഗ്ലണ്ട് സ്‌ക്വാഡ്: അലക്സ് ഹേല്‍സ്, ഡേവിഡ് മലന്‍, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, ലിയാം ഡോവ്സണ്‍, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, സാം കറന്‍, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ക്രിസ് ജോര്‍ദന്‍, ഡേവിഡ് വില്ലി, ലൂക് വുഡ്, മാര്‍ക് വുഡ്, റിച്ചാര്‍ഡ് ഗ്ലീസണ്‍, ടൈമല്‍ മില്‍സ്.

Content Highlight: England captain Jos Buttler says don’t want to see T20 World Cup final between India and Pakistan

We use cookies to give you the best possible experience. Learn more