ഐ.സി.സിയുടെ മികച്ച ടെസ്റ്റ് താരമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ തെരഞ്ഞെടുത്തു. ഇംഗ്ലണ്ട് ദേശീയ ടീമിലെ തന്റെ സഹതാരം ജോണ്‍ ബെയര്‍സ്റ്റോ, ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജ, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ എന്നിവരെ പിന്തള്ളിയാണ് സ്റ്റോക്‌സ് ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്.
2022 കലണ്ടര്‍ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിനായി പുറത്തെടുത്തത്. ടീമിന്റെ നായകനായും സ്റ്റോക്‌സിന് തിളങ്ങാനായിരുന്നു.
ജോ റൂട്ടില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ നയിച്ച 10 ടെസ്റ്റില്‍ ഒമ്പതിലും വിജയം നേടിയിരുന്നു. അതിന് മുമ്പ് ആ വര്‍ഷം ടീം കളിച്ച 17 ടെസ്റ്റില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു വിജയിക്കാനായിരുന്നത്.
പുതുതയായി ചാര്‍ജെടുത്ത ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പം ചേര്‍ന്നാണ് ഇംഗ്ലണ്ട് ടീമിനെ മികച്ചരീതിയില്‍ വാര്‍ത്തെടുക്കാന്‍ ബന്‍ സ്റ്റോക്‌സിന് കഴിഞ്ഞത്.
36.25 ശരാശരിയില്‍ 870 റണ്‍സ് അടിച്ചെടുത്ത താരം 26 വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് സെഞ്ച്വറികള്‍ നേടിയ സ്റ്റോക്‌സ് 71.21 സ്ട്രക്ക് റേറ്റിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
പോയ വര്‍ഷത്തെ ടെസ്റ്റ് ടീമിന്റെ മികച്ച നായകനായും സ്റ്റോക്‌സിനെ നേരത്തെ ഐ.സി.സി തെരഞ്ഞടുത്തിരുന്നു.
Content Highlight: England captain Ben Stokes has been selected as the ICC’s best Test player