| Thursday, 20th July 2023, 10:49 am

688 വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്ണും ഇനി ഇവന് പിറകില്‍; അക്ഷരം തെറ്റാതെ വിളിക്കാം ഇതിഹാസമെന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ് ടെസ്റ്റില്‍ 600 വിക്കറ്റ് എന്ന നേട്ടം കൈപ്പിടിയിലൊതുക്കിയത്. റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത് ബൗളറാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. ഫാസ്റ്റ് ബൗളര്‍മാരുടെ എണ്ണമെടുക്കുമ്പോള്‍ രണ്ടാമനും.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 600 വിക്കറ്റ് തികച്ച ആദ്യ പേസര്‍ ബ്രോഡിന്റെ സഹതാരം കൂടിയായ ജെയിംസ് ആന്‍ഡേഴ്‌സണാണ്. 700 വിക്കറ്റ് എന്ന കരിയര്‍ മൈല്‍സ്‌റ്റോണിലേക്കടുക്കുന്ന ആന്‍ഡേഴ്‌സണാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇംഗ്ലണ്ട് താരവും.

നാലാം ടെസ്റ്റിനായി ഓള്‍ഡ് ട്രാഫോര്‍ഡിലേക്കിറങ്ങുമ്പോള്‍ 598 ടെസ്റ്റ് വിക്കറ്റുകളായിരുന്നു ബ്രോഡിന്റെ സമ്പാദ്യം. സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയെ മൂന്ന് റണ്‍സിന് പുറത്താക്കിയ ബ്രോഡ് ട്രാവിസ് ഹെഡിനെ റൂട്ടിന്റെ കൈകളിലെത്തിച്ച് മടക്കിയതോടെയാണ് ചരിത്രത്തിലേക്ക് നടന്നുകയറിയത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഇതോടെ മറ്റൊരു നേട്ടവും ബ്രോഡിനെ തേടിയെത്തിയിരുന്നു. ആഷസ് പരമ്പരകളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇംഗ്ലണ്ട് താരം എന്ന റെക്കോഡാണ് ബ്രോഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഇതിഹാസം ഇയാന്‍ ബോതമിനെ മറികടന്നാണ് ബ്രോഡ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

നിലവില്‍ 149 വിക്കറ്റുകളാണ് ബ്രോഡ് ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ മത്സരത്തില്‍ വീഴ്ത്തിയത്.

ആഷസ് പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് താരങ്ങള്‍

സ്റ്റുവര്‍ട്ട് ബ്രോഡ് – 149

ഇയാന്‍ ബോതം – 148

ബോബ് വില്ലിസ് – 128

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – 115

വില്‍ഫ്രെഡ് റോഡ്‌സ് – 109

സിഡ്‌നി ബാര്‍നെസ് – 106

ഡെറക് അണ്ടര്‍വുഡ് – 105

ബെലെക് ബെഡ്‌സര്‍ – 104

നാലാം ടെസ്റ്റിലെ ആദ്യ ദിവസം 14 ഓവര്‍ പന്തെറിഞ്ഞ് 68 റണ്‍സ് വഴങ്ങിയാണ് ബ്രോഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 4.86 എന്ന എക്കോണമിയിലാണ് ബ്രോഡ് കഴിഞ്ഞ ദിവസം പന്തെറിഞ്ഞത്.

അതേസമയം, ആഷസ് പരമ്പരയിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസീസ് 299 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി തികച്ച മാര്‍നസ് ലബുഷാന്റെയും മിച്ചല്‍ മാര്‍ഷിന്റെയും ഇന്നിങ്‌സാണ് ഓസീസിന് തുണയായത്. ലബുഷാന്‍ 116 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ മാര്‍ഷ് 60 പന്തില്‍ 51 റണ്‍സും നേടി പുറത്തായി.

70 പന്തില്‍ 23 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും മൂന്ന് പന്തില്‍ ഒരു റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.

ബ്രോഡിന് പുറമെ ക്രിസ് വോക്‌സ്, മോയിന്‍ അലി, മാര്‍ക് വുഡ് എന്നിവരാണ് മറ്റ് ഓസീസ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്. വോക്‌സ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വുഡ്, അലി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content highlight: England bowler Stuart Broad has taken the most wickets in the Ashes series

We use cookies to give you the best possible experience. Learn more