| Monday, 3rd July 2023, 9:55 pm

അക്കാര്യത്തില്‍ ഒരു അത്ഭുതവുമില്ല, ഒന്നാമത് ഇംഗ്ലണ്ട്, സിംബാബ്‌വേക്കും പുറമെ ഒമ്പതാമതായി പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2022 മുതലിങ്ങോട്ടുള്ള ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും മികച്ച റണ്‍ റേറ്റുള്ള ടീമുകളില്‍ ഒന്നാമതായി ഇംഗ്ലണ്ട്. ഐ.സി.സിയുടെ ആദ്യ പത്ത് റാങ്കിലുള്ള ടീമുകള്‍ക്കിടയിലാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

സമീപ കാലത്തായി മികച്ച പ്രകടനമാണ് ലോങ്ങര്‍ ഫോര്‍മാറ്റില്‍ ഇംഗ്ലണ്ട് നടത്തുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ അറ്റാക്കിങ് ക്രിക്കറ്റ് ശൈലിയിലൂടെ കളി മെനയുന്ന ഇംഗ്ലണ്ട് ഈ പട്ടികയില്‍ ഒന്നാമതെത്തിയതില്‍ അത്ഭുതമില്ല.

ബ്രണ്ടന്‍ മക്കെല്ലം ടീമിന്റെ കോച്ചായി വന്നതോടെയാണ് ഇംഗ്ലണ്ടിന്റെ തലവര മാറിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് മക്കെല്ലം ത്രീ ലയണ്‍സിന്റെ ബോസായി ചുമതലയേല്‍ക്കുന്നത്.

അതിന് മുമ്പ് കളിച്ച മത്സരത്തിലെല്ലാം അടിത്തറയില്ലാതെ പരാജയപ്പെട്ടതോടെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ന്‍സ് ക്രിക്കറ്റ് ബോര്‍ഡ് പുതിയ കോച്ചിനെ നിയമിക്കുന്നത്. ഇംഗ്ലണ്ട് താരങ്ങള്‍ക്കിടയിലേക്ക് ബാസ്‌ബോളുമായി മക്കെല്ലമെത്തിയതോടെ ടീമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

2022 ആഷസില്‍ അടിത്തറയില്ലാതെ പരാജയപ്പെട്ട ഇംഗ്ലണ്ടിന് വെസ്റ്റ് ഇന്‍ഡീസിനോടും നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 2022 മാര്‍ച്ചിലെ ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് പര്യടനത്തില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇംഗ്ലണ്ടിന് തിരിച്ചടി നേരിട്ടിരുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചപ്പോള്‍ അവസാന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ത്രീ ലയണ്‍സിന് നേരിടേണ്ടി വന്നത്.

എന്നാല്‍ മക്കെല്ലം ചാര്‍ജെടുത്തതിന് ശേഷമുള്ള ആദ്യ പരമ്പര തന്നെ വൈറ്റ്‌വാഷ് ചെയ്താണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും അഞ്ച് വിക്കറ്റിന് വിജയിച്ച ഇംഗ്ലണ്ട് മൂന്നാം മത്സരം ഏഴ് വിക്കറ്റിനും വിജയിച്ചു.

തുടര്‍ന്ന് സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്. അയര്‍ലന്‍ഡ് എന്നിവരോടും ഇംഗ്ലണ്ട് പരമ്പര വിജയം സ്വന്തമാക്കി.

നിലവില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ മാത്രമാണ് ഇംഗ്ലണ്ട് അല്‍പം പുറകോട്ട് പോയിട്ടുള്ളത്.

ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പട്ടികയില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഓസീസും ന്യൂസിലാന്‍ഡും നില്‍ക്കുമ്പോള്‍ ശ്രീലങ്ക അഞ്ചാം സ്ഥാനത്താണ്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പാകിസ്ഥാന്‍.

ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ബാറ്റിങ് റണ്‍ റേറ്റ് (2022 മുതല്‍)

ഇംഗ്ലണ്ട് – 4.29

ഇന്ത്യ – 3.55

ഓസ്‌ട്രേലിയ – 3.44

ന്യൂസിലാന്‍ഡ് – 3.42

ശ്രീലങ്ക – 3.34

ബംഗ്ലാദേശ് – 3.20

സൗത്ത് ആഫ്രിക്ക – 3.05

സിംബാബ്‌വേ – 2.99

പാകിസ്ഥാന്‍ – 2.99

വെസ്റ്റ് ഇന്‍ഡീസ് – 2.78

Content highlight: England boasts the highest batting run rate in Test cricket since 2022.

We use cookies to give you the best possible experience. Learn more