ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അഞ്ച് ലക്ഷം റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് ത്രീ ലയണ്‍സ് ഈ നേട്ടം കൂറിച്ചത്. സൂപ്പര്‍ താരം ഹാരി ബ്രൂക്കിന്റെ ബാറ്റിലൂടെയാണ് ബെന്‍ സ്റ്റോക്‌സിന്റെ സംഘം ഈ ചരിത്ര നേട്ടത്തിലെത്തിയത്.
തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ 1,082ാം ടെസ്റ്റ് മത്സരത്തിലാണ് ഇംഗ്ലണ്ട് അഞ്ച് ലക്ഷം റണ്‍സെന്ന നേട്ടത്തിലെത്തിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം മത്സരം കളിച്ചതെന്ന റെക്കോഡ് നേട്ടവും ഇംഗ്ലണ്ടിന്റെ പേരില്‍ തന്നെയാണ്.
ഇംഗ്ലണ്ടിന്റെ ചിരവൈരകളായ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്നാല്‍ ഇതുവരെ നാലര ലക്ഷം റണ്‍സെത്താന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിട്ടില്ല. മൂന്നാമതുള്ള ഇന്ത്യയാകട്ടെ മൂന്ന് ലക്ഷം റണ്‍സെന്ന കടമ്പ ഇനിയും താണ്ടേണ്ടിയിരിക്കുന്നു.
(ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
ഇംഗ്ലണ്ട് – 1,082 – 5,00,257*
ഓസ്‌ട്രേലിയ – 868 – 4,29,000*
ഇന്ത്യ – 586 – 2,78,751*
വെസ്റ്റ് ഇന്‍ഡീസ് – 582 – 2,70,429*
സൗത്ത് ആഫ്രിക്ക – 470 – 2,18,108*
ഇതിനൊപ്പം, ഇതിഹാസ താരം ജോ റൂട്ടിന്റെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ ടീം എന്ന ചരിത്ര നേട്ടത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ഉയരത്തില്‍ ഇംഗ്ലണ്ട് തുടരുകയാണ്. 929 ടെസ്റ്റ് സെഞ്ച്വറികളാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഇതുവരെ സ്വന്തമാക്കിയത്.
ചിരവൈരികളായ ഓസ്‌ട്രേലിയയാണ് രണ്ടാമതുള്ളത്. 893 സെഞ്ച്വറികള്‍. ഇന്ത്യ (552), വെസ്റ്റ് ഇന്‍ഡീസ് (502), പാകിസ്ഥാന്‍ (433) എന്നിവരാണ് ടോപ് ഫൈവിലെ മറ്റ് ടീമുകള്‍.
അതേസമയം, മത്സരത്തിന്റെ മൂന്നാം ദിവസം ബാറ്റിങ് തുടരുന്ന ന്യൂസിലാന്‍ഡ് വിജയലക്ഷ്യത്തില്‍ നിന്നും ഏറെ അകലെയാണ്. ഒന്നര ദിവസവും നാല് വിക്കറ്റും കയ്യിരിക്കെ 442 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമേ ന്യൂസിലാന്‍ഡിന് വിജയിക്കാന്‍ സാധിക്കൂ.
നിലവില്‍ 36 ഓവര്‍ പിന്നിടുമ്പോള്‍ 146 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ആതിഥേയര്‍. 66 പന്തില്‍ 58 റണ്‍സ് നേടിയ ടോം ബ്ലണ്ടലും ഗ്ലെന്‍ ഫിലിപ്‌സിന് ശേഷം ശേഷം ക്രീസിലെത്തിയ നഥാന്‍ സ്മിത്തുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്‌സില്‍ 155 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിങ്‌സില്‍ ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 130 പന്തില്‍ 106 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്.
റൂട്ടിന് പുറമെ 118 പന്തില്‍ 96 റണ്‍സ് നേടിയ ജേകബ് ബേഥലും 112 പന്തില്‍ 92 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. 61 പന്തില്‍ നിന്നും 55 റണ്‍സടിച്ച ഹാരി ബ്രൂക്കാണ് മറ്റൊരു അര്‍ധ സെഞ്ച്വറി നേടിയത്.
തന്റെ അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി നില്‍ക്കവെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് സ്‌റ്റോക്‌സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്.
42 പന്തില്‍ പുറത്താകാതെ 49 റണ്‍സ് നേടി നില്‍ക്കവെയാണ് ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ സ്റ്റോക്‌സ് തീരുമാനമെടുത്തത് എന്നതും ആരാധകരെ അമ്പരപ്പിച്ചിരുന്നു.
Content Highlight: England becomes the first ever team to complete 5,00,000 test runs