| Thursday, 11th July 2024, 12:18 pm

ഇംഗ്ലണ്ടിന്റെ സ്ഥാനം ഇനി സോവിയറ്റ് യൂണിയനൊപ്പം; ഇംഗ്ലണ്ടിന് ചരിത്രനേട്ടം, ഒപ്പം നായകനും, റൂണിയെ വെട്ടി ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് മറ്റൊരു യൂറോ കപ്പ് കിരീടപ്പോരാട്ടത്തിന് കച്ചമുറുക്കുകയാണ്. സിഗ്നല്‍ ഇഡ്യൂന പാര്‍ക്കില്‍ നടന്ന യൂറോ കപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചാണ് സൗത്ത് ഗേറ്റിന്റെ കുട്ടികള്‍ കലാശപ്പോരാട്ടത്തിനൊരുങ്ങുന്നത്.

യൂറോ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. കഴിഞ്ഞ തവണ കിരീടത്തിനടുത്തെത്തിയെങ്കിലും അസൂറികള്‍ക്ക് മുമ്പില്‍ വീഴാനായിരുന്നു ഇംഗ്ലീഷ് ആര്‍മിയുടെ വിധി.

എന്നാല്‍ ഡച്ച് ആര്‍മിയെ തകര്‍ത്ത് ഫൈനലിലെത്തിയതോടെ ഒരു തകര്‍പ്പന്‍ നേട്ടം ഇംഗ്ലണ്ടിന്റെ പേരില്‍ കുറിക്കപ്പെട്ടു. തുടര്‍ച്ചയായി യൂറോ കപ്പ് ഫൈനല്‍ കളിക്കുന്ന ടീം എന്ന നേട്ടമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഈ നേട്ടം കൈപ്പിടിയിലൊതുക്കുന്ന അഞ്ചാമത് ടീമാണ് ഇംഗ്ലണ്ട്.

തുടര്‍ച്ചയായി യൂറോ കപ്പ് ഫൈനലുകളില്‍ പ്രവേശിച്ച ടീമുകള്‍

(ടീം – വര്‍ഷം എന്നീ ക്രമത്തില്‍)

സോവിയറ്റ് യൂണിയന്‍ – 1960 & 1964

വെസ്റ്റ് ജര്‍മനി – 1972, 1976 & 1980

ജര്‍മനി – 1992 & 1996

സ്‌പെയ്ന്‍ – 2008 & 2012

ഇംഗ്ലണ്ട് – 2020 & 2024

തുടര്‍ച്ചയായി ഫൈനല്‍ കളിച്ച ടീമുകള്‍ ഒരിക്കലെങ്കിലും കിരീടം നേടിയിട്ടുണ്ട് എന്ന വസ്തുത ഇംഗ്ലണ്ട് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.

1960ല്‍ യൂഗോസ്ലാവിയയെ തോല്‍പിച്ച് സോവിയറ്റ് യൂണിയന്‍ കപ്പുയര്‍ത്തിയപ്പോള്‍ രണ്ടാം ഫൈനലില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ടു. ഫൈനലിലെത്തിയ 1972ലും 1980ലും വെസ്റ്റ് ജര്‍മനി കപ്പുയര്‍ത്തിയപ്പോള്‍ 1968ല്‍ ഇറ്റലിയോട് പരാജയപ്പെടുകയായിരുന്നു.

1992ല്‍ ഫൈനലില്‍ ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ട ജര്‍മനി തൊട്ടടുത്ത വര്‍ഷം ചെക് റിപ്പബ്ലിക്കിനെ തോല്‍പിച്ച് കപ്പുയര്‍ത്തി.

2008ലും 2012ലും കിരീടം നേടിയാണ് സ്‌പെയ്ന്‍ തിളങ്ങിയത്. 2008ല്‍ ജര്‍മനിയെയും 2012ല്‍ ഇറ്റലിയെയുമാണ് ലാ റോജാസ് തകര്‍ത്തെറിഞ്ഞത്.

അതേസമയം, ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും ഒരു തകര്‍പ്പന്‍ നേട്ടം തന്റെ പേരിലെഴുതിച്ചേര്‍ത്തിരിക്കുകയാണ്. യുവേഫ യൂറോ കപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് കെയ്ന്‍.

നെതര്‍ലന്‍ഡ്‌സിനെതിരെ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഗോള്‍ നേട്ടം ഏഴാക്കി ഉയര്‍ത്താന്‍ ഹാരി കെയ്‌നിന് സാധിച്ചിരുന്നു. ഇതിഹാസ താരം അലന്‍ ഷിയററിന്റെ നേട്ടത്തിനൊപ്പമാണ് കെയ്ന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആറ് ഗോള്‍ നേടിയ വെയ്ന്‍ റൂണിയെ മറികടന്നുകൊണ്ടാണ് കെയ്‌നിന്റെ കുതിപ്പ്.

ജൂലൈ 15നാണ് ഇംഗ്ലണ്ട് സ്‌പെനിനെതിരെ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ബെര്‍ലിനിലെ ഒളിംപിയസ്റ്റേഡിയോണാണ് വേദി.

ഇതാദ്യമായാണ് ഇംഗ്ലണ്ട് ഇംഗ്ലണ്ടിന് പുറത്ത് ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുന്നത്. 2020 യൂറോ കപ്പിലും ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരായ 1966 ലോകകപ്പിലും ലണ്ടനിലെ വെംബ്ലി സ്റ്റേഡിയമായിരുന്നു ഫൈനല്‍ മത്സരത്തിന് വേദിയായത്.

Also Read ഇങ്ങനെയൊരു യൂറോകപ്പ് ഫൈനൽ ചരിത്രത്തിലാദ്യം; ഓറഞ്ച് പടയെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടപോരാട്ടത്തിന്

Also Read അരങ്ങേറ്റക്കാരന്റെ ആറാട്ട്; 29 വര്‍ഷം മുമ്പുള്ള ഇംഗ്ലണ്ടിന്റെ ചരിത്രമാണ് ഇവന്‍ തിരുത്തിയത്

Also Read ക്യാപ്റ്റന്‍ കിങ്; പൊരുതിത്തോറ്റവന്റെ ഇടിമിന്നല്‍ റെക്കോഡ്!

Content highlight: England becomes the 5th team to play back to back finals in Euro Cup

We use cookies to give you the best possible experience. Learn more