ഇംഗ്ലണ്ടിനെ തറപറ്റിച്ച് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ശേഷം മൂന്നാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ തോല്‍പിച്ചാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനായിരുന്നു ത്രീ ലയണ്‍സിന്റെ തോല്‍വി. അഫ്ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനുറച്ചെത്തിയ റെയ്‌നിങ് ചാമ്പ്യന്‍മാര്‍ക്ക് 215 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
അഫ്ഗാനിസ്ഥാന്റെ ബൗളിങ് നിരയ്ക്ക് മുമ്പില്‍ കളി മറന്ന ഇംഗ്ലണ്ടായിരുന്നു ദല്‍ഹിയിലെ കാഴ്ച. റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്‌മാനും മുഹമ്മദ് നബിയും അടക്കമുള്ള എല്ലാ താരങ്ങളും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് നിര നിന്ന് വിയര്‍ത്തു.
വെറ്ററന്‍ താരം മുഹമ്മദ് നബിയുടെ പ്രകടനം ഇതില്‍ എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്. ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും ബൗളിങ്ങില്‍ നബി കത്തിക്കയറി.
ആറ് ഓവര്‍ പന്തെറിഞ്ഞ് 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് മുന്‍നിര വിക്കറ്റുകളാണ് നബി സ്വന്തമാക്കിയത്. വെടിക്കെട്ട് വീരന്‍മാരായ സാം കറനും ഡേവിഡ് മലനുമാണ് നബിയോട് തോറ്റ് പുറത്തായത്.
ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം ഒരു തകര്‍പ്പന്‍ നേട്ടത്തിലേക്കാണ് മുഹമ്മദ് നബി നടന്നുകയറിയത്. ലോക ക്രിക്കറ്റില്‍ 43 രാജ്യങ്ങളുടെ ദേശീയ ടീമിനെ പരാജയപ്പെടുത്തിയതിന്റെ റെക്കോഡാണ് മുഹമ്മദ് നബിയെ തേടിയെത്തിയത്.
ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ബംഗ്ലാദേശ് അടക്കമുള്ള ടെസ്റ്റ് പ്ലെയിങ് നേഷന്‍സിനെ നേരത്തെ പരാജയപ്പെടുത്തിയ മുഹമ്മദ് നബി ബോട്‌സ്വാന, ഫിജി അടക്കമുള്ള അസോസിയേറ്റ് രാജ്യങ്ങളെയും പരാജയപ്പെടുത്തിയിരുന്നു.
ഡെന്‍മാര്‍ക്ക്, ബഹ്റൈന്‍, മലേഷ്യ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഇറാന്‍, തായ്ലന്‍ഡ്, ജപ്പാന്‍, ബഹാമസ്, ബോട്‌സ്വാന, ജേഴ്സി, ഫിജി, ടാന്‍സാനിയ, ഇറ്റലി, അര്‍ജന്റീന, പാപുവ ന്യൂ ഗിനിയ, കെയ്മന്‍ ഐലന്‍ഡ്‌സ്, ഒമാന്‍, ചൈന, സിംഗപ്പൂര്‍, പാകിസ്ഥാന്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, യു.എസ്.എ, ഭൂട്ടാന്‍, മാലിദ്വീപ്, ബാര്‍ബഡോസ്, ഉഗാണ്ട, ബെര്‍മുഡ, അയര്‍ലന്‍ഡ്, സ്‌കോട്ലന്‍ഡ്, നമീബിയ, നെതര്‍ലന്‍ഡ്സ്, കാനഡ, കെനിയ, ഹോങ്കോംഗ്, യു.എ.ഇ, സിംബാബ്‌വേ, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവരാണ് നബിക്ക് മുമ്പില്‍ വീണത്.
ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേക്ക് കയറാനും അഫ്ഗാനിസ്ഥാന് സാധിച്ചു.
ഒക്ടോബര്‍ 18നാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content Highlight: England become the 43rd country beaten by Mohammad Nabi as an international cricketer.