|

ക്രിക്കറ്റ് ലോകകപ്പ്: വിജയത്തോടെ പെണ്‍പുലികള്‍ തുടങ്ങി; ഇംഗ്ലണ്ടിനെ തകര്‍ത്തത് 35 റണ്‍സിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഗ്ലണ്ട്: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വിജയം. ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരം ഇന്ത്യന്‍ പെണ്‍പുലികള്‍ സ്വന്തമാക്കിയത് 35 റണ്‍സിന്റെ ജയത്തോടെയാണ്. ചോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 281 റണ്‍സാണ് അടിച്ചു കൂട്ടിയത്.

282 റണ്‍സ് വിജയ ല ക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ പെണ്‍പട പക്ഷേ 246 റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി. ഓപ്പണര്‍മാര്‍ ഒരുക്കിയ മികച്ച അടിത്തറയാണ് ഇന്ത്യയ്ക്ക് ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ പൂനം റൗത്തും സ്മൃതി മന്ദാനയും 144 റണ്‍സാണ് ടീമിനായി നേടിയത്.


Also Read: ‘അവര്‍ പശുവിറച്ചി കഴിക്കുന്നവരാണെന്നും അതിനാല്‍ അവരെ ആക്രമിക്കണമെന്നും എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു’; തീവണ്ടിയില്‍ വെച്ച് മുസ്‌ലിം കൗമാരക്കാരനെ അടിച്ചു കൊന്ന സംഭവത്തിലെ കുറ്റാരോപിതന്‍ പറയുന്നത്


മൂന്ന് അര്‍ധശതകങ്ങളാണ് ഇന്ത്യന്‍ നിരയില്‍ പിറന്നത്. സ്മൃതിയ്ക്കും (72 ബോളില്‍ 90 റണ്‍സ്) പൂനത്തിനും (134 ബോളില്‍ 86 റണ്‍സ്) ഒപ്പം ക്യാപ്റ്റന്‍ മിഥാലി രാജും (73 ബോളില്‍ 71 റണ്‍സ്) അര്‍ധശതകം നേടി. തുടര്‍ച്ചയായ ഏഴാം മല്‍സരത്തിലും അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും സ്പിന്‍ കരുത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ബോളര്‍മാരുടെ നിയന്ത്രണത്തില്‍ നില്‍ക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ മൂന്നും ശിഖ പാണ്ഡേ രണ്ടും വിക്കറ്റെടുത്തു. മൂന്നുപേരെ റണ്ണൗട്ടാക്കി. സ്മൃതി മന്ദാനയാണ് വുമണ്‍ ഓഫ് ദ് മാച്ച്. വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

Video Stories