'ഡബിള്‍ സെഞ്ച്വറി' നേട്ടത്തിലും വിന്‍ഡീസിന് കനത്ത തിരിച്ചടി; ഇംഗ്ലണ്ട് കൊടുങ്കാറ്റില്‍ കരീബിയന്‍പട ചാരം
Cricket
'ഡബിള്‍ സെഞ്ച്വറി' നേട്ടത്തിലും വിന്‍ഡീസിന് കനത്ത തിരിച്ചടി; ഇംഗ്ലണ്ട് കൊടുങ്കാറ്റില്‍ കരീബിയന്‍പട ചാരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th June 2024, 9:52 am

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ബ്യൂസെജൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 15 പന്തുകളും എട്ടു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിന്റെ 200ാം ടി-20 മത്സരമായിരുന്നു ഇത്. ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ ടീം എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങിയത് കരീബിയന്‍ പടയ്ക്ക് കടുത്ത തിരിച്ചടിയാണ് നല്‍കിയത്.

34 പന്തില്‍ 38 റണ്‍സ് നേടി ജോണ്‍സണ്‍ ചാള്‍സും 32 പന്തില്‍ 36 റണ്‍സ് നേടിയ നിക്കോളാസ് പൂരനും മികച്ച തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്. നാല് ഫോറുകളും ഒരു സിക്സുമാണ് ഇരു താരങ്ങളുടെയും ബാറ്റില്‍ നിന്നും പിറന്നത്.

വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മന്‍ പവലും മികച്ച പ്രകടനം നടത്തി. 17 പന്തില്‍ 36 റണ്‍സാണ് താരം നേടിയത്. അഞ്ച് കൂറ്റന്‍ സിക്സുകളാണ് പവലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

47 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. 185.11 സ്‌ട്രൈറ്റില്‍ ബാറ്റ് വീശിയ സാള്‍ട്ട് ഏഴ് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് നേടിയത്. 26 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ ജോണി ബെയര്‍‌സ്റ്റോയും നിര്‍ണായകമായി. അഞ്ച് ഫോറുകളും രണ്ട് സിക്‌സുമാണ് ബെയര്‍‌സ്റ്റോ നേടിയത്.

നാളെ സൗത്ത് ആഫ്രിക്കെതിരെയാണ് ജോസ് ബട്‌ലറിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. ജൂണ്‍ 22ന് നടക്കുന്ന മത്സരത്തില്‍ യു.എസ്.എയാണ് വിന്‍ഡീസിന്റെ എതിരാളികള്‍.

 

Content Highlight: England Beat West Indies in T20 world cup