നൊവാഗാര്‍ഡ്: പാനമയ്‌ക്കെതിരെ ഇംഗ്ലണ്ടിന് വന്‍ജയം. ഒന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഹാരി കെയ്ന്‍ മൂന്നും സ്‌റ്റോണ്‍സ് രണ്ടും ഗോളുകള്‍ നേടിയപ്പോള്‍ ലിംഗാര്‍ഡിന്റെ വകയായിരുന്നു അവശേഷിച്ച ഗോള്‍. ഫിലിപ്പ് ബലോയ് ആണ് പാനമയുടെ ആശ്വാസഗോള്‍ നേടിയത്.
കളി തുടങ്ങി എട്ടാംമിനിറ്റില്‍തന്നെ ഇംഗ്ലണ്ട് പാനമ ഗോള്‍ വല ചലിപ്പിച്ചു.
കോര്‍ണറിന് കൃത്യമായി തലവെച്ച സ്‌റ്റോണ്‍സിന്റെ ഹെഡ്ഡറിന് മുന്നില്‍ പാനമ ഗോളി നിസ്സഹായനായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടിയുളള സ്റ്റോണ്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്.
20 ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി. 35ാം മിനിറ്റില്‍ ലിംഗാര്‍ഡ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളും നേടി.
40ാം മിനിറ്റില്‍ സ്‌റ്റോണ്‍സ് വീണ്ടും ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ ലീഡ് നാലാക്കി. 44ാം മിനറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ട് അഞ്ചാം ഗോളും നേടി. ഹാരി കെയ്‌നാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്.
ആദ്യപകുതി അവസാനിക്കുമ്പോള്‍ അഞ്ച് ഗോളിന് മുന്നിലായിരുന്നു ഇംഗ്ലണ്ട്. 62ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ ആറാം ഗോളും നേടിയ ഇംഗ്ലണ്ട് ഗ്രൂപ്പിലെ അടുത്ത പോരാട്ടത്തില്‍ ബെല്‍ജിയത്തിന് തക്കതായ താക്കീതും നല്‍കി.
ആദ്യ മത്സരത്തില്‍ ടുണീഷ്യയെ തോല്‍പിച്ച ഇംഗ്ലണ്ടിന് പാനമയെ തോല്‍പിച്ചതോടെ ബെല്‍ജിയത്തിനൊപ്പം ആറു പോയിന്റായി.