| Sunday, 30th June 2019, 11:23 pm

ഓറഞ്ചില്‍ നിരാശത്തുടക്കം, ഇന്ത്യക്കും പാക്കിസ്ഥാനും; രോഹിതിന്റെ മൂന്നാം സെഞ്ചുറിക്കും ഇംഗ്ലീഷ് പടയെ തളയ്ക്കാനായില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ബിര്‍മിങ്ഹാം: ചരിത്രത്തിലാദ്യമായി ഓറഞ്ച് ജഴ്‌സിയില്‍ കളിക്കളത്തിലിറങ്ങിയ ഇന്ത്യക്ക് ഈ ലോകകപ്പിലെ ആദ്യ തോല്‍വി. ഈ ലോകകപ്പില്‍ മൂന്നാം സെഞ്ചുറി നേടിയ രോഹിത് ശര്‍മയ്ക്കും ആതിഥേയരായ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാനാകാതെ വന്നപ്പോള്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഈ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ അത് പാകിസ്താന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നതിനാല്‍ ഇന്ത്യന്‍ ആരാധകരെക്കൂടാതെ പാക് ആരാധകരും മത്സരത്തെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 306 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മൂന്നാം ഓവറില്‍ത്തന്നെ വിക്കറ്റ് നഷ്ടത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹിതും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിക്കുകയായിരുന്നു.

രോഹിത് പതിവു ശൈലി വെടിഞ്ഞ് പ്രതിരോധത്തിലേക്കു മാറിയപ്പോള്‍, ഒരറ്റത്ത് കോഹ്‌ലി സ്‌കോര്‍ ഉയര്‍ത്താന്‍ പെടാപ്പാട് പെടുകയായിരുന്നു. ആദ്യം അര്‍ധസെഞ്ചുറി നേടിയതും കോഹ്‌ലിയായിരുന്നു. 76 പന്തില്‍ ഏഴ് ഫോറിന്റെ സഹായത്തോടെയാണ് കോഹ്‌ലി 66 റണ്‍സെടുത്തത്.

29-ാം ഓവര്‍ വരെ തുടര്‍ന്ന കൂട്ടുകെട്ട് പൊളിച്ചത് ക്രിസ് വോക്ക്‌സാണ്. ക്യാപ്റ്റന്‍ പുറത്തായതോടെ പിന്നീട് വന്ന ഋഷഭ് പന്ത് മികച്ച പിന്തുണ രോഹിതിനു നല്‍കി. 29 പന്തില്‍ 32 റണ്‍സ് നേടിയ പന്ത് ലോകകപ്പിലെ തന്റെ കന്നിയങ്കം ഭേദപ്പെട്ട രീതിയിലാക്കി. മികച്ചൊരു ഷോട്ട് കളിച്ച പന്തിനെ ബൗണ്ടറി ലൈനിനടുത്തുവെച്ച് വോക്ക്‌സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

ഇതിനിടെ രോഹിത് സെഞ്ചുറി തികച്ചതും പുറത്തായതും ഒന്നിച്ചായിരുന്നു. സ്‌കോര്‍ നിരക്ക് ഉയരാതെ ടീം കഷ്ടപ്പെടുന്നതിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യ പതിവുപോലെ രക്ഷകനായി വന്നത്. 33 പന്തില്‍ 45 റണ്‍സെടുത്ത പാണ്ഡ്യക്ക് ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ല. 45-ാം ഓവറില്‍ പാണ്ഡ്യ പുറത്താകുമ്പോള്‍, ഇന്ത്യക്ക് അപ്പോഴും ജയിക്കാന്‍ 71 റണ്‍സ് വേണമായിരുന്നു.

പിന്നീട് മഹേന്ദ്ര സിങ് ധോനി നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടില്ല. ഒപ്പം ചേര്‍ന്ന കേദാര്‍ ജാധവ് സ്‌കോര്‍നിരക്കിലേക്ക് കാര്യമായ സംഭാവനയൊന്നും നല്‍കാതെ പന്തുകള്‍ പാഴാക്കിയതും മത്സരത്തില്‍ ഇന്ത്യക്കു തിരിച്ചടിയായി. 31 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും അടക്കമാണ് ധോനി 42 റണ്‍സ് നേടിയത്.

ഇംഗ്ലണ്ടിനു വേണ്ടി ലിയാം പ്ലങ്കറ്റ് മൂന്ന് വിക്കറ്റും വോക്ക്‌സ് രണ്ട് വിക്കറ്റും നേടി.

ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും (111) ജേസണ്‍ റോയിയും (66) നല്‍കിയ അടിത്തറ മുതലാക്കിയ സ്റ്റോക്സ് (54 പന്തില്‍ 79), ജോ റൂട്ടും (44) ചേര്‍ന്ന് ഇംഗ്ലീഷ് സ്‌കോര്‍ 337-ല്‍ എത്തിക്കുകയായിരുന്നു. ബെയര്‍സ്‌റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്.

ബെയര്‍സ്റ്റോ ക്രീസിലുണ്ടായിരുന്ന സമയം ഒരുഘട്ടത്തില്‍ സ്‌കോര്‍ 350 കടക്കുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്തി തന്റെ ഫോം നിലനിര്‍ത്തിയ മുഹമ്മദ് ഷമി ഇന്ത്യയെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവരികയായിരുന്നു.

109 പന്തില്‍ 10 ഫോറും ആറ് സിക്സറും അടക്കമാണ് ബെയര്‍സ്റ്റോ 111 റണ്‍സ് നേടിയത്. സ്റ്റോക്സ് ആറ് ഫോറും മൂന്ന് സിക്സറും അടക്കം 79 റണ്‍സ് നേടിയപ്പോള്‍ 57 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സറും അടക്കം റോയ് 66 റണ്‍സ് നേടി. അതിനിടെ രണ്ട് സിക്സറും ഒരു ഫോറും അടക്കം എട്ടുപന്തില്‍ 20 റണ്‍സ് നേടിയ ജോസ് ബട്ട്ലറും സ്‌കോര്‍ മുന്നോട്ടുനീക്കി.

ബെയര്‍സ്റ്റോ, റൂട്ട്, ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍, ബട്ട്ലര്‍, ക്രിസ് വോക്ക്സ് എന്നിവരെ നിര്‍ണായക ഇടവേളകളില്‍ വീഴ്ത്തിയാണ് ഷമി തന്റെ മികവ് വീണ്ടും തെളിയിച്ചത്. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എന്നാല്‍ ബുംറയൊഴികെയുള്ള ബൗളര്‍മാരെല്ലാം ഓവറില്‍ ആറ് റണ്‍സിനു മുകളില്‍ വിട്ടുകൊടുത്തു.

കഴിഞ്ഞമത്സരങ്ങളില്‍ മോശം ഫോം തുടര്‍ന്ന ഓള്‍റൗണ്ടര്‍ വിജയ് ശങ്കറെ ഒഴിവാക്കി, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു തോല്‍വിയുമുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തുതന്നെ തുടരുകയാണ്. ഇംഗ്ലണ്ട് എട്ടു കളികളില്‍ നിന്ന് അഞ്ചു ജയവുമായി നാലാം സ്ഥാനത്താണ്.

We use cookies to give you the best possible experience. Learn more