| Monday, 18th September 2023, 1:40 pm

പരാജയമായവന്‍ ടീമില്‍ തന്നെ, സൂപ്പര്‍ താരം പുറത്ത്; കപ്പ് നിലനിര്‍ത്താന്‍ ഇംഗ്ലണ്ട്: ലോകകപ്പ് സ്‌ക്വാഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി മെന്‍സ് ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. കഴിഞ്ഞ ദിവസം അവസാനിച്ച ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെയാണ് ത്രീ ലയണ്‍സ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമ്പരയില്‍ ഇംഗ്ലണ്ട് 3-1ന് വിജയിച്ചിരുന്നു.

ജോസ് ബട്‌ലര്‍ നയിക്കുന്ന 15 അംഗ സ്‌ക്വാഡില്‍ സൂപ്പര്‍ താരം ജേസണ്‍ റോയിക്ക് ഇടം ലഭിച്ചില്ല. ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് പരമ്പരയില്‍ കാര്യമായ ചലനങ്ങലൊന്നും ഉണ്ടാക്കാന്‍ സാധിക്കാതെ പോയ ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ട് ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെത്തി ലോകകപ്പ് തിരികെ കൊണ്ടുവരുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുള്ള സ്‌ക്വാഡിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ചീഫ് സെലക്ടര്‍ അഭിപ്രായപ്പെട്ടത്.

‘മികച്ച വൈറ്റ് ബോള്‍ താരങ്ങളാണ് ടീമിനൊപ്പമുള്ളത്. ഇതില്‍ ഞങ്ങളേറെ സന്തുഷ്ടരാണ്. ശക്തമായ ടീം തന്നെയാണ് ഞങ്ങള്‍ക്കുള്ളതെന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ കണ്ടത്.

ടീമിന്റെ ശക്തി ഉറപ്പാക്കാനായി ഞങ്ങള്‍ക്ക് കടുത്ത ചില തീരുമാനങ്ങളെടുക്കേണ്ടി വന്നിട്ടുണ്ട്. ജേസണ്‍ റോയ് സ്‌ക്വാഡില്‍ നിന്ന് പുറത്ത് പോവുകയും ഹാരി ബ്രൂക്ക് ടീമില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരില്‍ പ്രധാനിയായിരുന്നു ജേസണ്‍ റോയ്. 63.29 എന്ന ശരാശരിയില്‍ 443 റണ്‍സാണ് വെറ്ററന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും അടക്കമാണ് താരം കഴിഞ്ഞ ലോകകപ്പില്‍ റണ്‍സ് നേടിയത്.

പുറം വേദനയെ തുടര്‍ന്ന് ജേസണ്‍ റോയിക്ക് ന്യൂസിലാന്‍ഡിനെതിരായ പരമ്പര നഷ്ടമായതോടെയാണ് ബ്രൂക്ക് ടീമിന്റെ ഭാഗമായത്. പരമ്പരയില്‍ താരം മോശം പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് മത്സരത്തില്‍ നിന്നും 37 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

ഇതുവരെ ഇംഗ്ലണ്ടിനായി ആറ് ഏകദിനം കളിച്ച ബ്രൂക്ക് 20.50 ശരാശിരിയില്‍ 123 റണ്‍സ് മാത്രമാണ് നേടിയത്. ഈ വര്‍ഷമാദ്യം സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ 80 റണ്‍സാണ് മികച്ച സ്‌കോര്‍.

ലോകകപ്പിന് മുമ്പ് അയര്‍ലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ശേഷം ഇന്ത്യക്കും ബംഗ്ലാദേശിനുമെതിരെ സന്നാഹ മത്സരങ്ങളും ഇംഗ്ലണ്ട് കളിക്കും.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. കഴിഞ്ഞ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ നേരിട്ട ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

ഇംഗ്ലണ്ട് ലോകകപ്പ് സ്‌ക്വാഡ്

ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ഗസ് ആറ്റ്കിന്‍സണ്‍, ജോണി ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാന്‍, ലിയാം ലിവിംങ്സ്റ്റണ്‍, ഡേവിഡ് മലന്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, റീസി ടോപ്‌ലി, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്

Content highlight: England announces World Cup squad

Latest Stories

We use cookies to give you the best possible experience. Learn more