കരുത്തന്‍മാരെ അണിനിരത്തി ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള സ്‌ക്വാഡിലേക്കാണ് ടൈറ്റന്‍സിനെ അണിനിരത്തി ഇംഗ്ലണ്ട് ടീം പടയ്‌ക്കൊരുങ്ങുന്നത്.
കൊവിഡ് കാരണം മാറ്റിവെച്ച ബെര്‍മിങ്ഹാം ടെസ്റ്റിന് സുശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബെന്‍ സ്റ്റോക്‌സിന്റെ കീഴില്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ഏത് കൊലകൊമ്പന്‍മാരെയും മലര്‍ത്തിയടിക്കാന്‍ പോന്നവരാണ്.
ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ടീമില്‍ ഇല്ലാതിരുന്ന ജെയിംസ് ആന്‍ഡേഴ്‌സണും ടീമിനൊപ്പം ചേര്‍ന്നത് ഇന്ത്യയ്ക്ക് തലവേദനയാവും. കൊവിഡ് ബാധിതനായി പുറത്തുപോയ ബെന്‍ ഫോക്‌സിന് പകരം ടീമിലിടം നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്‌സും ബെര്‍മിങ്ഹാം ടെസ്റ്റിലുള്ള 15 അംഗ സ്‌ക്വാഡിലുണ്ട്.
ന്യൂസിലാന്‍ഡിനെ നിഷ്പ്രഭമാക്കിയ അതേ ആവേശത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. കിവീസിനെതിരെ ഇറങ്ങിയ അതേ മൈന്‍ഡ് സെറ്റോടെയാവും തങ്ങള്‍ ഇറങ്ങുക എന്നും, പരമ്പര ഇന്ത്യയെ നേടാന്‍ അനുവദിക്കില്ല എന്ന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നേരത്തെ പറഞ്ഞിരുന്നു.
പുതിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും കോച്ച് ബ്രണ്ടന്‍ മക്കെല്ലത്തിനും കീഴില്‍ ഉജ്ജ്വല ഫോമിലാണ് ഇംഗ്ലണ്ട്.
ടി-20 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന ബെയര്‍സ്റ്റോ മുതല്‍ കിവീസിനെതിരെ അരങ്ങേറ്റം കുറിച്ച മാത്യു പോട്‌സ് അടക്കമുള്ള സകലവരേയും പേടിക്കണം. അത്തരത്തിലുള്ള പ്രകടനമാണ് അവന്‍ ന്യൂസിലാന്‍ഡിനെതിരെ പുറത്തെടുത്തത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുമ്പിലാണ് എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ അഡ്വാന്റേജ്. അഞ്ചാം ടെസ്റ്റില്‍ സമനില നേടിയാലും ഇന്ത്യയ്ക്ക് പരമ്പര നേടാം. എന്നാല്‍ പരമ്പര നേടാന്‍ ഒരു സാധ്യതയുമില്ലാത്തതിനാല്‍ പരമ്പര സമനിലയിലാക്കാനാവും ഇംഗ്ലണ്ട് ഒരുങ്ങുന്നത്.
കൊവിഡ് ബാധിതനായി ഐസൊലേഷനില്‍ കഴിയുന്ന രോഹിത് തിരിച്ചെത്തുമോ എന്നുറപ്പിക്കാന്‍ സാധിക്കാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.
2007ന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ പരമ്പര നേടാന്‍ ഇന്ത്യയും പരമ്പര സമനിലയിലാക്കാന്‍ ഇംഗ്ലണ്ടും ഒരുങ്ങുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്.