ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. അടുത്ത വര്‍ഷം ജനുവരി 25 മുതല്‍ മാര്‍ച്ച് 11 വരെ നടക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബെന്‍ സ്റ്റോക്‌സിന്റെ കീഴില്‍ 16 അംഗ സ്‌ക്വാഡാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് അണ്‍ ക്യാപ്ഡ് താരങ്ങളെയടക്കം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇ.സി.ബി ഇന്ത്യക്കെതിരെ തന്ത്രങ്ങള്‍ മെനയുന്നത്.
We have announced our 16-player Test squad to tour India! 🏏
കൗണ്ടി ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ടോം ഹാര്‍ട്‌ലി, ഷോയ്ബ് ബാഷിര്‍ എന്നിവര്‍ക്കാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയിരിക്കുന്നത്. ഇതില്‍ ഷോയ്ബ് ബാഷിറിന്റെ ഇന്‍ക്ലൂഷനാണ് ഇംഗ്ലണ്ട് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നത്.
ആഭ്യന്തര തലത്തില്‍ സോമര്‍സെറ്റിന്റെ താരമായ ബാഷിര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ അലിസ്റ്റര്‍ കുക്ക് അടക്കമുള്ള സ്റ്റാര്‍ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ സാധിച്ചു എന്നതാണ് ഈ 20 വയസുകാരനെ ആരാധകര്‍ക്കിടയില്‍ സ്‌പെഷ്യലാക്കുന്നത്.
Congratulations to Shoaib Bashir who has been selected in the England Men’s Test squad to tour India!
ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ബാഷിര്‍ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതിലെ പത്ത് ഇന്നിങ്‌സില്‍ നിന്നുമായി പത്ത് വിക്കറ്റാണ് ബാഷിറിന്റെ സമ്പാദ്യം. 155 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനം.
3.30 എന്ന എക്കോണമിയിലും 121.8 എന്ന സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ബാഷിറിന്റെ ശരാശരി 67.00 ആണ്.
ലിസ്റ്റ് എയിലെ ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് വിക്കറ്റ് നേടിയ ബാഷിര്‍ നാല് ടി-20 ഇന്നിങ്‌സില്‍ നിന്ന് നാല് വിക്കറ്റും നേടിയിട്ടുണ്ട്.
‘എന്റെ യാത്ര ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഞാനെപ്പോഴും ക്രിക്കറ്റ് കളിക്കുന്നത് മാത്രമാണ് സ്വപ്‌നം കണ്ടിരുന്നത്. ഞാന്‍ ഇനിയും എന്റെ സ്വപ്‌നങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യും,’ ദി ക്രിക്കറ്ററിനോട് ബാഷിര്‍ പറഞ്ഞു.
‘ഷോയ്ബ് എല്ലാവരെയും അത്ഭുതപ്പെടുത്തിയവനാണ്. അവന്റെ ആറ്റിറ്റ്യൂഡ്, കളിക്കളത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍, നിശ്ചയദാര്‍ഢ്യം എല്ലാം പ്രശംസനീയമാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള അവസരം അവന്‍ നേടിയെടുക്കുന്നുണ്ട്,’ സോമര്‍സെറ്റ് ക്രിക്കറ്റ് ഡയറക്ടര്‍ ആന്‍ഡി ഹാരിയെ ഉദ്ധരിച്ച് വിസ്ഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
20 മത്സരത്തിലെ 32 ഇന്നിങ്‌സില്‍ നിന്നും 40 ഫസ്റ്റ് ക്ലാസ് വിക്കറ്റ് നേടിയ താരമാണ് ഹാര്‍ട്‌ലി. ഏകദിനത്തില്‍ നേരത്തെ ഇംഗ്ലണ്ടിനായി അരങ്ങേറിയ ഹാര്‍ട്‌ലി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇതാദ്യമായി ത്രീ ലയണ്‍സിനെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുകയാണ്.
ബാഷിറിനും ഹാര്‍ട്‌ലിക്കും പുറമെ ജാക്ക് ലീച്ചും രെഹന്‍ അഹമ്മദുമാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്പിന്നര്‍മാര്‍.