ആ പേര് മാത്രം മതി ആരാധകര്‍ക്ക് നെഞ്ചിടിപ്പേറാന്‍; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കരുതിവെച്ചത്
Sports News
ആ പേര് മാത്രം മതി ആരാധകര്‍ക്ക് നെഞ്ചിടിപ്പേറാന്‍; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കരുതിവെച്ചത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st February 2024, 2:45 pm

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സൂപ്പര്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ട് പ്ലെയിങ് ഇലവവനിന്റെ ഭാഗമാകും. മാര്‍ക് വുഡിന് പകരമാണ് ആന്‍ഡേഴ്‌സണ്‍ സ്‌ക്വാഡിലെത്തിയിരിക്കുന്നത്.

ആദ്യ മത്സരത്തിലേതെന്ന പോലെ മൂന്ന് പ്രധാന സ്പിന്നേഴ്‌സാണ് രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ കറക്കി വീഴ്ത്തിയ ടോം ഹാര്‍ട്‌ലിക്കൊപ്പം രെഹന്‍ അഹമ്മദും ടീമില്‍ തുടരും.

 

യുവതാരം ഷോയ്ബ് ബഷീറിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനും വിശാഖപട്ടണം ടെസ്റ്റ് സാക്ഷ്യം വഹിക്കും. താരത്തിന്റെ വിസ പ്രശ്‌നങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ബഷീര്‍ ഇന്ത്യയിലെത്തുകയും സ്‌ക്വാഡിനൊപ്പം ചേരുകയുമായിരുന്നു.

നാലാം സ്പിന്നറായി ജോ റൂട്ടാണ് ടീമിന്റെ ഭാഗമാകുന്നത്.

ആദ്യ മത്സരത്തില്‍ ബെഞ്ചിലിരിക്കേണ്ടി വന്ന ഇതിഹാസ താരം ആന്‍ഡേഴ്‌സണാണ് ടീമിലെ ഏക പേസര്‍.

ഹൈദരാബാദില്‍ പുലര്‍ത്തിയ അതേ ഡോമിനന്‍സ് വിശാഖപട്ടണത്തിലും പുറത്തെടുക്കാന്‍ സാധിക്കുകയും രണ്ടാം മത്സരത്തില്‍ വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ എന്നിവരുടെ അഭാവം മുതലെടുക്കാനും സാധിച്ചാല്‍ ഇംഗ്ലണ്ടിന് രണ്ടാം മത്സരവും വിജയിച്ചുകയറാം.

രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷോയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

അതേസമയം, രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അത്രകണ്ട് സ്‌റ്റേബിളല്ല. ആര്‍. അശ്വിനും രോഹിത് ശര്‍മയും ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം തന്നെ ടെസ്റ്റ് ഫോര്‍മാറ്റില്‍ വേണ്ടത്ര പരിചയ സമ്പത്ത് ഇല്ലാത്തവരും ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാത്തവരുമാണ്.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രജത് പാടിദാര്‍, രോഹിത് ശര്‍മ, സര്‍ഫറാസ് ഖാന്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍, എസ്. ഭരത്, ആവേശ് ഖാന്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.

 

Content Highlight: England announces team for second test, James Anderson included