ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിനുള്ള ടെസ്റ്റ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരക്കായി 17 അംഗ സ്‌ക്വാഡിനെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റനായി മടങ്ങിയെത്തുന്നു എന്ന വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനം താരത്തിന് നഷ്ടമായിരുന്നു.
ദി ഹണ്‍ഡ്രഡിനിടെയാണ് സ്‌റ്റോക്‌സിന് പരിക്കേറ്റത്. ടൂര്‍ണമെന്റിലെ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് – നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് മത്സരത്തില്‍ ബാറ്റ് ചെയ്യവെ താരത്തെ ഹാംസ്ട്രിങ് ഇന്‍ജുറി വലയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ബാറ്റിങ് പൂര്‍ത്തിയാക്കാനാകാതെ സ്റ്റോക്‌സ് ക്രീസ് വിട്ടിരുന്നു. വിശദമായ പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെയാണ് സ്‌റ്റോക്‌സിന് ശ്രീലങ്കന്‍ സീരീസ് നഷ്ടപ്പെട്ടത്.
സ്റ്റോക്‌സിന്റെ അഭാവത്തില്‍ ഒലി പോപ്പാണ് ഇംഗ്ലണ്ടിനെ നയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് ഹോം ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചെങ്കിലും റിവ്യൂ എടുക്കുന്നതില്‍ താരം അമ്പേ പരാജയപ്പെട്ടിരുന്നു. സീരീസില്‍ എടുത്ത് പത്ത് റിവ്യൂവും ഇംഗ്ലണ്ടിന് അനുകൂലമായിരുന്നില്ല. ഇത് ആരാധകര്‍ക്കിടയില്‍ അല്‍പമെങ്കിലും മുറുമുറുപ്പുണ്ടാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്‌റ്റോക്‌സിന്റെ തിരിച്ചുവരവ് ടീമിന്റെ ടോട്ടല്‍ പെര്‍ഫോമന്‍സിനെ തന്നെ അപ്‌ലിഫ്റ്റ് ചെയ്യുമെന്നുറപ്പാണ്.
പാകിസ്ഥാന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ് (മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍)
ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), രെഹന്‍ അഹമ്മദ്, ഗസ് ആറ്റ്കിന്‍സണ്‍, ഷോയ്ബ് ബഷീര്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, ജോര്‍ഡന്‍ കോക്‌സ്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോഷ് ഹള്‍, ജാക്ക് ലീച്ച്, ഒലി പോപ്പ്, മാത്യൂ പോട്‌സ്, ജോ റൂട്ട്, ജെയ്മി സ്മിത്, ഒലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.
2022ല്‍ പാകിസ്ഥാനിലെത്തി പരമ്പര 3-0ന് ക്ലീന്‍ സ്വീപ് ചെയ്ത സ്‌ക്വാഡിലെ എട്ട് താരങ്ങള്‍ ഈ പര്യടനത്തിലും ടീമിന്റെ ഭാഗമാണ്. ബ്രൈഡന്‍ കാര്‍സിന്റെയും ജോര്‍ദന്‍ കോക്‌സിന്റെയും അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റത്തിനും ഈ പരമ്പര സാക്ഷ്യം വഹിച്ചേക്കും.
അതേസമയം, സ്വന്തം മണ്ണില്‍ ബംഗ്ലാദേശിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പാകിസ്ഥാന്‍ തലകുനിച്ചുനില്‍ക്കുന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് വൈറ്റ് വാഷ് ചെയ്താണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
പാകിസ്ഥാനെതിരെ ബംഗ്ലാദേശ് സ്വന്തമാക്കുന്ന ആദ്യ ടെസ്റ്റ് വിജയവും പരമ്പര വിജയവും ഇതാണ്. എതിരാളികളുടെ തട്ടകത്തില്‍ തന്നെ ഈ ചരിത്ര നേട്ടം സ്വന്തമാക്കാനായതിന്റെ തിളക്കവും ബംഗ്ലാദേശിന്റെ ഈ വിജയത്തിനുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്വന്തം മണ്ണില്‍ നടന്ന ഒറ്റ ടെസ്റ്റ് മത്സരത്തില്‍ പോലും വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. അവസാനം കളിച്ച പത്ത് ഹോം ടെസ്റ്റുകളില്‍ ആറിലും തോല്‍വിയായിരുന്നു ഫലം. നാല് ടെസ്റ്റുകള്‍ സമനിലയില്‍ കലാശിച്ചു.
ഒക്ടോബര്‍ എഴിനാണ് ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനം ആരംഭിക്കുന്നത്.
ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനം
ആദ്യ ടെസ്റ്റ് – ഒക്ടോബര്‍ 7-11
രണ്ടാം ടെസ്റ്റ് – ഒക്ടോബര്‍ 15-19
അവസാന ടെസ്റ്റ് – ഒക്ടോബര്‍ 24-28
നേരത്തെ മുള്‍ട്ടാന്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളിലായി മത്സരം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അറ്റകുറ്റ പണികള്‍ക്ക് പിന്നാലെ ചില വേദികള്‍ മാറ്റം വന്നിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പരമ്പരക്കുള്ള വേദി പാകിസ്ഥാന്‍ പ്രഖ്യാപിക്കുമെന്ന് ഇ.സി.ബി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
Content highlight: England announces squad for Pakistan series