ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇവന്റുകളിലൊന്നാണ് ചാമ്പ്യന്‍സ് ട്രോഫി. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പാകിസ്ഥാനിലും യു.എ.ഇയിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ തങ്ങളുടെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള അതേ സ്‌ക്വാഡ് തന്നെയാണ് ഇന്ത്യന്‍ പര്യടനത്തിനും ത്രീ ലയണ്‍സ് നിലനിര്‍ത്തിയത്.
ഒരു വര്‍ഷത്തിന് ശേഷം ഏകദിനത്തിലേക്കുള്ള ജോ റൂട്ടിന്റെ മടങ്ങിവരവാണ് സ്‌ക്വാഡിന്റെ പ്രത്യേകത. എന്നാല്‍ ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ടിന്റെ വജ്രായുധമായ ബെന്‍ സ്റ്റോക്‌സ് ടീമിലിടം നേടിയിട്ടില്ല എന്നതും ആരാധകരെ അമ്പരപ്പിച്ചു. ഹാംസ്ട്രിങ് ഇഞ്ചുറിയില്‍ നിന്ന് മുക്തനാകാന്‍ കഴിയാത്തതാണ് സ്റ്റോക്‌സിന് ടീമില്‍ ഇടം നേടാന്‍ സാധിക്കാത്തതിന്റെ കാരണം.
2023ലെ ഏകദിന ലോകകപ്പിന് ശേഷം റൂട്ടിന് ഏകദിന ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷത്തിന് ശേഷമുള്ള റൂട്ടിന്റെ തിരിച്ചുവരവ് എങ്ങനെയാകുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലേകം. നിലവില്‍ ടെസ്റ്റില്‍ പുലര്‍ത്തുന്ന അതേ ഫോം 50 ഓവര്‍ ഫോര്‍മാറ്റിലും നിലനിര്‍ത്താന്‍ റൂട്ടിന് സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിനിടെയാണ് സ്‌റ്റോക്ക്‌സ് പരിക്കിന്റെ പിടിയിലായത്. മേജര്‍ ടൂര്‍ണമെന്റുകളില്‍ താരത്തിന്റെ അഭാവം ടീമിനെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെയും ഇംഗ്ലണ്ട് പുറത്തുവിട്ടിട്ടുണ്ട്. ജനുവരി 22ന് ആരംഭിക്കുന്ന പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളാണ് ഉണ്ടാവുക. ലെഗ് സ്പിന്നര്‍ രെഹാന്‍ അഹമ്മദിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനും ഈ പരമ്പര സാക്ഷ്യം വഹിക്കുന്നുണ്ട്. ടി20 പരമ്പരക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി മൂന്ന് ഏകദിന മത്സരങ്ങളും ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കും.