| Sunday, 30th June 2024, 6:35 pm

ലാസ്റ്റ് ഡാന്‍സ്, ഇതിഹാസത്തിന്റെ പടിയിറക്കം; ബാസ്‌ബോള്‍ 2.0, ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ രണ്ട് ടെസ്റ്റിനുള്ള 14 അംഗ സ്‌ക്വാഡാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണിന്റെ കരിയറിലെ അവസാന മത്സരത്തിന് കൂടിയാണ് ഈ പരമ്പര സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ലോര്‍ഡ്‌സില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കളിച്ച ആന്‍ഡേഴ്‌സണ്‍ മഹോജ്വലമായ തന്റെ കരിയറിനോട് വിടപറയും.

കരിയറിലെ 188ാം മത്സരത്തിനാണ് ആന്‍ഡേഴ്‌സണ്‍ ഒരുങ്ങുന്നത്. 2003ല്‍ കരിയര്‍ ആരംഭിച്ച താരം ഇതുവരെ ഇംഗ്ലണ്ടിനായി 348 ഇന്നിങ്‌സുകളില്‍ നിന്നുമായി 39,877 പന്തുകളെറിഞ്ഞിട്ടുണ്ട്.

2.79എക്കോണമിയിലും 26.52 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരം 700 ടെസ്റ്റ് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് മാത്രം ബൗളറും ആദ്യ പേസറുമാണ് ആന്‍ഡേഴ്‌സണ്‍.

അതേസമയം, ജോണി ബെയര്‍സ്‌റ്റോയും ബെന്‍ ഫോക്‌സും ഉള്‍പ്പെടെ പല സൂപ്പര്‍ താരങ്ങളെയും പുറത്തിരുത്തി യുവ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇ.സി.ബി പുതിയ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇരുവര്‍ക്കും ആന്‍ഡേഴ്‌സണിന്റെ അവസാന ടെസ്റ്റിന്റെ ഭാഗമാകാന്‍ സാധിക്കില്ല.

പേസര്‍ ഡില്ലണ്‍ പെന്നിങ്ടണും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജെയ്മി സ്മിത്തും ത്രീ ലയണ്‍സിനായി അരങ്ങേറ്റം കുറിക്കും.

ആഭ്യന്തര തലത്തില്‍ സറേയുടെ താരമാണ് സ്മിത്. നിലവില്‍ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. സ്മിത്തിന്റെ ബാറ്റിങ് കരുത്തുകൊണ്ട് കൂടിയാണ് സറേ ആദ്യ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. സീസണില്‍ 8 മത്സരത്തില്‍ നിന്നും 76.93 ശരാശരിയില്‍ 507 റണ്‍സാണ് താരം സ്വന്തമാക്കിയത്.

23.03 ശരാശരിയില്‍ 29 വിക്കറ്റുകളുമായാണ് നോട്ടിങ്ഹാംഷെയറിന്റെ 25കാരന്‍ ഡില്ലണ്‍ പെന്നിങ്ടണ്‍ തിളങ്ങുന്നത്. ഈ പരമ്പര ഇരുവര്‍ക്കും സ്വയം തെളിയിക്കാനുള്ള അവസരം കൂടിയാണ്.

ജൂലൈ പത്തിനാണ് പരമ്പരയിലെ ആദ്യ മത്സരം. ലോര്‍ഡ്‌സാണ് വേദി.

ഇംഗ്ലണ്ട് സ്‌ക്വാഡ് (ആദ്യ 2 ടെസ്റ്റ്)

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ആദ്യ മത്സരം മാത്രം), ഗസ് ആറ്റ്കിന്‍സണ്‍, ഷോയ്ബ് ബഷീര്‍, ഹാരി ബ്രൂക്ക്, സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഡാന്‍ ലോറന്‍സ്, ഡില്ലണ്‍ പെന്നിങ്ടണ്‍, ഒലി പോപ്പ്, മാത്യൂ പോട്‌സ്, ജോ റൂട്ട്, ജെയ്മി സ്മിത്, ക്രിസ് വോക്‌സ്.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

അലിക് അത്തനാസ്, കിര്‍ക് മെക്കന്‍സി, ക്രെയ്ഗ് ബ്രാത്വെയ്റ്റ് (ക്യാപറ്റന്‍), മിഖൈല്‍ ലൂയിസ്, സക്കാരി മക്കാസി, ജേസണ്‍ ഹോള്‍ഡര്‍, കവേം ഹോഡ്ജ്, കെവിന്‍ സിംക്ലെയര്‍, ജോഷ്വ ഡ സല്‍വ (വിക്കറ്റ് കീപ്പര്‍), ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി, ജെയ്ഡന്‍ സീല്‍സ്, ജെറമിയാ ലൂയിസ്, ഷമര്‍ ജോസഫ്.

Content highlight: England announced squad for test series against West Indies

We use cookies to give you the best possible experience. Learn more