വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം തുടരുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് വിന്‍ഡീസ് ഇംഗ്ലണ്ടില്‍ കളിക്കുക.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 114 റണ്‍സിനുമാണ് ത്രീ ലയണ്‍സ് വിജയിച്ചുകയറിയത്. അരങ്ങേറ്റക്കാരന്‍ ഗസ് ആറ്റ്കിന്‍സണിന്റെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇംഗ്ലണ്ട് തകര്‍പ്പന്‍ വിജയം സ്വന്തമാക്കയിത്.
England WIN! 🏴
And with it, Jimmy Anderson has bowled his last ball for his country ❤️
ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അവസാന മത്സരം എന്ന നിലയില്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഈ മത്സരം ഏറെ സ്‌പെഷ്യലായിരുന്നു. 2003ല്‍ കരിയര്‍ ആരംഭിച്ച ലോര്‍ഡ്‌സില്‍ തന്നെ തന്റെ അവസാന മത്സരവും കളിച്ച് താരം പടിയിറങ്ങി.
ഇതോടെ രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്ണിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. സ്റ്റാര്‍ പേസര്‍ മാര്‍ക് വുഡാണ് രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ് പകരം വിന്‍ഡീസ് നിരയ്‌ക്കെതിരെ കളത്തിലിറങ്ങുക.
34 ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ താരമാണ് മാര്‍ക് വുഡ്. 3.32 എക്കോണമിയിലും 31.24 ശരാശരിയിലും പന്തെറിയുന്ന താരം 108 വിക്കറ്റുകളും തന്റെ പേരില്‍ സ്വന്തമാക്കിയിട്ടുണ്ട്.
മൂന്ന് ഫോര്‍ഫറും അഞ്ച് ഫൈഫറും നേടിയ താരത്തിന്റെ ഒരു ഇന്നിങ്‌സിലെ മികച്ച ബൗളിങ് പ്രകടനം 6/37 ആണ്.
അതേസമയം, ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ സന്ദര്‍ശകരെ വെറും 121 റണ്‍സിന് എറിഞ്ഞിട്ടാണ് ഇംഗ്ലണ്ട് ലോര്‍ഡ്സ് പിടിച്ചടക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയത്. അരങ്ങേറ്റക്കാരന്‍ ഗസ് ആറ്റ്കിന്‍സണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. അഞ്ച് മെയ്ഡന്‍ അടക്കം 12 ഓവര്‍ പന്തെറിഞ്ഞ താരം 45 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടി.
ജെയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് വോക്സ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. 58 പന്തില്‍ 27 റണ്‍സ് നേടിയ മിഖൈല്‍ ലൂയിസാണ് ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ച് അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ 371 റണ്‍സ് നേടി. സാക്ക് ക്രോളി (89 പന്തില്‍ 76), വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് (119 പന്തില്‍ 70), ജോ റൂട്ട് (114 പന്തില്‍ 68), ഒല്ലി പോപ്പ് (74 പന്തില്‍ 57), ഹാരി ബ്രൂക് (64 പന്തില്‍ 50) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.
250 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്സ് കളത്തിലിറങ്ങിയ വിന്‍ഡീസിന് വീണ്ടും പിഴച്ചു. 136 റണ്‍സിന് ടീം പുറത്തായി.
രണ്ടാം ഇന്നിങ്സില്‍ ഗസ് ആറ്റികിന്‍സണ്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡേഴ്സണ്‍ മൂന്നും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ടെന്‍ഫര്‍ നേടിയ ഗസ് ആറ്റ്കിന്‍സണാണ് കളിയിലെ താരം.
അതേസമയം, ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റില്‍ എന്ത് വിലകൊടുത്തും ജയിക്കാനുള്ള ശ്രമത്തിലാണ്. ജൂലൈ 18നാണ് രണ്ടാം മത്സരം. ട്രെന്റ് ബ്രിഡ്ജാണ് വേദി.