ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് മോശം ടോട്ടല്‍. ശ്രീലങ്കക്കെതിരെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 156 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചക്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താമെന്ന പ്രതീക്ഷയില്‍ ബാറ്റ് കയ്യിലെടുത്ത ഇംഗ്ലണ്ടിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്.
ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് മലനും 45 റണ്‍സാണ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 25 പന്തില്‍ 28 റണ്‍സ് നേടിയ ഡേവിഡ് മലനെ പുറത്താക്കി ഏയ്ഞ്ചലോ മാത്യൂസാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
ടീം സ്‌കോര്‍ 57ല്‍ നില്‍ക്കവെ മൂന്നാം നമ്പറിലിറങ്ങിയ ജോ റൂട്ടും 68ല്‍ നില്‍ക്കവെ ബെയര്‍സ്‌റ്റോയും പുറത്തായി. വമ്പനടി വീരന്‍മാരായ ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് മാത്രം ചെറുത്തുനിന്നു.
ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് സ്‌റ്റോക്‌സ് ക്രീസില്‍ നങ്കൂരമിട്ട് കളിച്ചു. ഒടുവില്‍ ടീം സ്‌കോര്‍ 137ല്‍ നില്‍ക്കവെ സ്‌റ്റോക്‌സും പുറത്തായതോടെ ഇംഗ്ലണ്ട് തകര്‍ച്ച മുമ്പില്‍ കണ്ടു. 73 പന്തില്‍ ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ 43 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്.
ലങ്കക്കായി പന്തെറിഞ്ഞ എല്ലാവരും റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചിരുന്നു. ഏഴ് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലാഹിരു കുമാരയും ഒരു മെയ്ഡന്‍ അടക്കം അഞ്ച് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയ ഏയ്ഞ്ചലോ മാത്യൂസും രണ്ട് വിക്കറ്റ് വീഴ്ത്തിയ കാസുന്‍ രജിതയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. രണ്ട് പേര്‍ റണ്‍ ഔട്ടായപ്പോള്‍ മഹീഷ് തീക്ഷണയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
Content highlight: England all out for 156 against Sri Lanka