| Monday, 15th July 2019, 11:51 am

ഫുട്‌ബോള്‍, റഗ്ബി, ഇപ്പോ ദാ ക്രിക്കറ്റും; കായികലോകത്ത് മുടിചൂടാമന്നന്മാരായി ഇംഗ്ലണ്ട്; അപൂര്‍വ റെക്കോഡ് ഇനി അവര്‍ക്കു സ്വന്തം

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ക്രിക്കറ്റ് നിലനില്‍ക്കുവോളം ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയം ഓര്‍മിക്കപ്പെടും. അത്രമേല്‍ ആവേശം നിറഞ്ഞുനിന്ന ഒരു ലോകകപ്പ് ഫൈനലിനോ, മത്സരത്തിനോ തന്നെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. ഈ വിജയത്തിന് മറ്റൊരു മധുരം കൂടിയുണ്ട്.

27 വര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം ക്രിക്കറ്റ് ലോകകപ്പ് നേടിയതോടെ ഇംഗ്ലണ്ട് മറ്റാര്‍ക്കും സ്വന്തമാകാന്‍ ഇടയില്ലാത്ത ഒരു റെക്കോഡിന് ഉടമകളായിരിക്കുകയാണ്. ഫുട്‌ബോള്‍ ലോകകപ്പ്, റഗ്ബി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ് എന്നിവ നേടുന്ന ഏക രാജ്യമായാണ് അവര്‍ മാറിയിരിക്കുന്നത്.

1966-ലായിരുന്നു ഇംഗ്ലണ്ട് ആദ്യമായും അവസാനമായും ലോകകപ്പ് നേടുന്നത്. പശ്ചിമ ജര്‍മനിയെ 4-2-നു തോല്‍പ്പിച്ചായിരുന്നു അവരുടെ കിരീടനേട്ടം.

2003-ലായിരുന്നു റഗ്ബിയില്‍ അവര്‍ ലോകചാമ്പ്യന്മാരാകുന്നത്. 20-17-ന് ആതിഥേയരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയായിരുന്നു കിരീടം. ഇതവരുടെ ആദ്യ കിരിടം അല്ലെങ്കിലും ഫുട്‌ബോള്‍ ലോകകപ്പ് നേടിയശേഷമുള്ള ആദ്യ റഗ്ബി കിരീടനേട്ടമാണ്.

ഇന്നലെ ബൗണ്ടറിക്കണക്കില്‍ വിജയം നേടി കപ്പുയര്‍ത്തിയപ്പോള്‍ ഈ റെക്കോഡ് അവര്‍ക്കു മാത്രമായി സ്വന്തമാകുകയും ചെയ്തു.

242 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് മത്സരം ടൈ ആക്കാനേ സാധിച്ചുള്ളൂ. ഇതു പിന്നീട് സൂപ്പര്‍ ഓവറിലേക്കു നീങ്ങി. എന്നാല്‍ സൂപ്പര്‍ ഓവറിലും ടൈ വന്നപ്പോള്‍ മത്സരത്തില്‍ ഏറ്റവുമധികം ബൗണ്ടറി നേടിയ ടീം വിജയിയായി.

കഴിഞ്ഞ രണ്ട് ലോകകപ്പിലെയും ചരിത്രം ആവര്‍ത്തിക്കുക കൂടിയായിരുന്നു ഇംഗ്ലണ്ട്. ആതിഥേയരാജ്യം കിരീടം നേടുകയെന്ന പതിവാണ് ഇംഗ്ലണ്ട് ഈ ലോകകപ്പില്‍ നിലനിര്‍ത്തിയത്.

ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ടീമാണ് ഇംഗ്ലണ്ട്. 2011 ല്‍ ഏഷ്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഇന്ത്യയും 2015 ല്‍ ഓസ്ട്രേലിയയും-ന്യൂസിലാന്റും സംയുക്തമായി ആതിഥേത്വം വഹിച്ച ലോകകപ്പില്‍ ഓസ്ട്രേലിയയുമായിരുന്നു ജേതാക്കള്‍.

1996 ശ്രീലങ്ക കിരീടം നേടിയപ്പോള്‍ സഹ ആതിഥേയത്വം വഹിച്ചിരുന്നെങ്കിലും ഫൈനല്‍ നടന്നത് പാകിസ്താനിലായിരുന്നു. 2011 ല്‍ ഇന്ത്യ കപ്പുയര്‍ത്തുമ്പോള്‍ ഫൈനല്‍ നടന്നത് മുംബൈയിലും 2015 ല്‍ ഓസീസ് കപ്പ് നേടിയത് മെല്‍ബണിലെ ഫൈനലിലുമായിരുന്നു.

ലോകകപ്പ് കിരീടം നേടുന്ന ആറാമത്തെ ടീമാണ് ഇംഗ്ലണ്ട്. ഓസ്ട്രേലിയ അഞ്ച് തവണയും വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും രണ്ട് വീതം തവണയും ചാമ്പ്യന്‍മാരായി. പാകിസ്താനും ശ്രീലങ്കയും ഒരു തവണ കിരീടം നേടിയിട്ടുണ്ട്.

1975,1987,1992 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട് ഫൈനലിലെത്തിയിട്ടുണ്ട്. അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലാന്റ് ഫൈനലില്‍ പരാജയപ്പെടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more