'സായ് പല്ലവിയല്ലേ?..' നിര്‍ത്താതെ കോളുകള്‍ വരുന്നു; തന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിന് അമരന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് യുവാവ്
Film News
'സായ് പല്ലവിയല്ലേ?..' നിര്‍ത്താതെ കോളുകള്‍ വരുന്നു; തന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിന് അമരന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് യുവാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st November 2024, 11:22 am

അമരന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ വക്കീല്‍ നോട്ടീസയച്ച് ചെന്നൈയിലെ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ വി.വി. വാഗീശന്‍ നിര്‍മാതാക്കള്‍ക്ക് എതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

സിനിമയില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്ന ഫോണ്‍ നമ്പര്‍ തന്റേതാണെന്നാണ് യുവാവ് പറയുന്നത്. അമരന്‍ ഇറങ്ങിയ ശേഷം തന്റെ നമ്പറിലേക്ക് നിരന്തരമായി കോളുകള്‍ വരുന്നുവെന്നും അതോടെ തന്റെ സമാധാനം നഷ്ടപ്പെട്ടുവെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു.

ഇത്തരത്തില്‍ തുടര്‍ച്ചയായി കോളുകള്‍ വരുന്നതോടെ പഠിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്നും അത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പറഞ്ഞ വാഗീശന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 1.1 കോടി രൂപയാണ്. അതേസമയം താന്‍ ഫോണ്‍ നമ്പര്‍ മാറ്റില്ലെന്നും യുവാവ് പറഞ്ഞു.

സായ് പല്ലവിയും ശിവകാര്‍ത്തികേയനും ഒന്നിച്ച ഏറ്റവും പുതിയ സിനിമയാണ് അമരന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്.

ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തിയപ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയി എത്തിയത് സായ് പല്ലവി ആയിരുന്നു. തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടി ആയിട്ടാണ് സായ് പല്ലവി അഭിനയിച്ചത്. കമല്‍ ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് അമരന്റെ നിര്‍മാണം.

Content Highlight: Engineering student sends legal notice to Amaran makers for using his phone number In Movie