ഹോസ്റ്റല്‍ കാന്റീനില്‍ ഭക്ഷ്യവിഷബാധ: എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു
India
ഹോസ്റ്റല്‍ കാന്റീനില്‍ ഭക്ഷ്യവിഷബാധ: എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2010, 2:18 pm

ഭുവനേശ്വര്‍ :ഹോസ്റ്റല്‍ കാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സ്വകാര്യ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥി മരിച്ചു.ജയ്പൂരില്‍ നിന്നുള്ള 3-ാം വര്‍ഷ ബി-ടെക് ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിയായ ശംസുദ്ദീന്‍ ഷായാണ് മരിച്ചത്.സംഭവത്തെ തുടര്‍ന്ന് കോളേജ് അധികൃതരായ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കാന്റീനിലെ ജോലിക്കാരെ തടഞ്ഞുവെക്കുകയുണ്ടായി.പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളില്‍ മിക്കവര്‍ക്കും തലേന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.ഇതിനിടെ കാന്റീനിലെ ചില ജോലിക്കാര്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് പോകോപിതരായ വിദ്യാര്‍ഥികള്‍ കാന്റീനിലെ ഫര്‍ണിച്ചറുകളും മറ്റു സാധനങ്ങളും നശിപ്പിച്ചു.

പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ 100 ലധികം പോലീസുകാരെ കോളേജ് പരിസരത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹിമാന്‍ശു ലാല്‍ പറഞ്ഞു.രണ്ട് ഡയറക്ടേര്‍സ് ഉള്‍പ്പെടെ മൂന്നു കോളേജ് അധികൃതരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.ഏതാനും വിദ്യാര്‍ഥികളേയും പോലിസ് ചോദ്യം ചെയ്തു.