| Monday, 15th December 2014, 8:48 am

സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നിര്‍ത്തലാക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ജിനീയറിങ് കോളജുകളിലേക്കുളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സാധ്യത. സര്‍ക്കാറാണ് പരീക്ഷ നിര്‍ത്തലാക്കുന്നതുമായ ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ വളരെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണ് പ്രവേശന പരീക്ഷ നിര്‍ത്തലാക്കണമെന്നുള്ളത്. പ്ലസ് ടു വിന് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് പുതിയ തീരുമാനം.

“കുട്ടികള്‍ക്ക് എന്‍ജിനീയറിങ് കോഴ്‌സുകള്‍ പഠിക്കണമെന്നുണ്ട്. അതിന് ഇഷ്ടംപോലെ കോളേജുകളും സീറ്റുമുണ്ട്. പക്ഷേ, പ്രവേശന പരീക്ഷ കാരണം അതിന് കഴിയുന്നില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.” അസോസിയേഷന്‍ പറയുന്നു.

സീറ്റുകള്‍ വളരെ കുറവും അപേക്ഷകരുടെ എണ്ണം അതേക്കാള്‍ എത്രയോ കൂടുതലും ആയിരുന്നപ്പോഴാണ് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ എന്‍ജിനിയറിങിന് സീറ്റ് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ഇതാണ് പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാറിനെയും മാനേജ്‌മെന്റുകളെയും പ്രേരിപ്പിക്കുന്നത്.

പ്രവേശന പരീക്ഷ നിര്‍ത്തലാക്കി പകരം പ്ലസ് ടുവിന് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് പ്രവേശനം നടത്തിയാല്‍ സീറ്റ് ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥ ഇല്ലാതാകും എന്നാണ് സര്‍ക്കാറും മാനേജ്‌മെന്റും കണക്ക് കൂട്ടുന്നത്.

കേരള എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി   ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ഇതില്‍ പ്രവേശന പരീക്ഷ നിര്‍ത്തലാക്കുന്ന വിഷയത്തില്‍ തീരുമാനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
യു.ഡി.എഫിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇത് നടപ്പിലാക്കും.

പ്രവേശന പരീക്ഷ നിര്‍ത്തലാക്കാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കേരള സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more