| Tuesday, 28th June 2016, 5:06 pm

സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം; കരാറില്‍ സര്‍ക്കാരും കോളേജ് മാനേജ്‌മെന്റുകളും ഒപ്പുവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട കരാറില്‍ സര്‍ക്കാരും കോളേജ് മാനേജ്‌മെന്റുകളും ഒപ്പുവെച്ചു. സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലേയ്ക്കുള്ള പ്രവേശനം ഇതോടെ
പരീക്ഷാ കമ്മീഷണറുടെ പട്ടികയില്‍ നിന്നു തന്നെ നടത്താന്‍ തീരുമാനമായി. 98 സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളാണ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ ഫീസ് നിരക്ക് ഏകീകരിക്കാനും ധാരണയായി. 57 കോളേജുകളില്‍ മെറിറ്റ് സീറ്റിലെ ഫീസ് 75,000 രൂപയില്‍ നിന്ന് 50,000 ആക്കി കുറയ്ക്കും. ഈ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പായി നല്‍കും. ബാക്കി 41 കോളേജുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് 75,000 രൂപ വീതം ഫീസ് ഈടാക്കാനും ധാരണയായി.

പ്രവേശന പരീക്ഷയില്‍ 10ല്‍ താഴെ മാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് മാനേജ്‌മെന്റുകള്‍ അംഗീകരിച്ചിരുന്നു. പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നല്‍കുന്ന കാര്യത്തിലും ധാരണയായതായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലും അന്തിമ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ മാത്രമേ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം അനുവദിക്കൂ എന്ന നിലപാടിലായിരുന്നു മന്ത്രി സി. രവീന്ദ്രനാഥ്. തുടര്‍ന്ന് ഇന്നു രാവിലെ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നിരുന്നു. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നതുകൊണ്ടു മാത്രം തീരുമാനത്തില്‍ മാറ്റം വരുത്താനാകില്ലെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more