മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ഹൈദരാബാദ് സ്വദേശി അറസ്റ്റില്‍. എഞ്ചിനീയറായ ഇയാളെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.
23കാരനായ റാംനഗേഷ് ശ്രീനിവാസ് അകുബതിനി എന്നയാളെയാണ് മുംബൈ പൊലീസ് സ്‌പെഷ്യല്‍ ടീം ഇന്ന് ഉച്ച തിരിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ മുംബൈയിലാണ് താമസിക്കുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഇന്ത്യ തോറ്റതിന് പിന്നാലെയാണ് ഇയാള്‍ കോഹ്‌ലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.
ഭീഷണിപ്പെടുത്തിയുള്ള പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ വെച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍, തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലടക്കം മാറ്റം വരുത്തിയിരുന്നു. പാകിസ്ഥാനി യൂസര്‍ എന്ന നിലയിലായിരുന്നു മാറ്റം വരുത്തിയത്.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഇയാള്‍ ഇപ്പോള്‍ ജോലിയൊന്നും ചെയ്യുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരു ഫുഡ് ഡെലിവറി ആപ്പിന് വേണ്ടിയും മുമ്പ് ജോലി ചെയ്തിരുന്നു എന്നാണ് വിവരം.
വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും മുംബൈ നിവാസികളായതിനാലാണ് മുംബൈ പൊലീസ് കേസെടുത്തത്.
ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് ശേഷം വിദേഷ്വ ജനകമായ നിരവധി കമന്റുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. സഹതാരം മുഹമ്മദ് ഷമിയ്‌ക്കെതിരായ ആരോപണങ്ങളെ തള്ളിയും ഷമിയെ പിന്തുണച്ചും കോഹ്‌ലി രംഗത്ത് വന്നതോടെ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ കടുക്കുകയായിരുന്നു.