| Friday, 19th July 2024, 10:11 am

ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ആരാധകരെക്കൊണ്ട് പോലും കയ്യടിപ്പിച്ച സെലിബ്രേഷന്‍; ഞെട്ടിച്ച് സിന്‍ക്ലെയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ട്രെന്റ് ബ്രിഡ്ജ് വേദിയാവുകയാണ്. മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 416ന് ഇംഗ്ലണ്ട് പുറത്തായി.

പല മികച്ച നിമിഷങ്ങള്‍ക്കും ആദ്യ ദിനം സാക്ഷ്യം വഹിച്ചിരുന്നു. ഒല്ലി പോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ബെന്‍ ഡക്കറ്റിന്റെയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ട് നിരയ്ക്ക് കരുത്തേകി. ബാസ്‌ബോളിന്റെ വശ്യത വെളിവാക്കുന്ന അറ്റാക്കിങ് ക്രിക്കറ്റിന്റെ മനോഹാരിതക്ക് ട്രെന്റ് ബ്രിഡ്ജ് സാക്ഷ്യം വഹിച്ചു.

മത്സരത്തിലെ ഏറ്റവും രസകരമായ നിമിഷങ്ങളിലൊന്നായിരുന്നു സൂപ്പര്‍ താരം ഹാരി ബ്രൂക്കിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷമുള്ള വിന്‍ഡീസ് പേസര്‍ കെവിന്‍ സിന്‍ക്ലെയറിന്റെ വിക്കറ്റ് സെലിബ്രേഷന്‍.

ഇംഗ്ലണ്ട് സ്‌കോര്‍ 201ല്‍ നില്‍ക്കവെ നാലാം വിക്കറ്റായാണ് ഹാരി ബ്രൂക്ക് പുറത്താകുന്നത്. 34 പന്തില്‍ 36 റണ്‍സ് നേടി നില്‍ക്കവെ കിര്‍ക് മക്കെന്‍സിക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഈ വിക്കറ്റ് നേടിയതിന് ശേഷമുള്ള സിന്‍ക്ലയറിന്റെ ആഘോഷമാണ് ചര്‍ച്ചയാകുന്നത്. ഗ്രൗണ്ടില്‍ കൈകുത്തി മറിഞ്ഞ് സമ്മര്‍സോള്‍ട്ടടിച്ചാണ് താരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇതുകണ്ട കാണികള്‍ അമ്പരക്കുകയും കരഘോഷങ്ങളോടെ താരത്തെ അഭിനന്ദിക്കുകയുമായിരുന്നു.

ഇതിന്റെ വീഡിയോ വൈറലാവുകയാണ്.

അതേസമയം, 167 പന്തില്‍ 121 റണ്‍സെടുത്ത ഒല്ലി പോപ്പിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. 15 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ബെന്‍ ഡക്കറ്റ് 59 പന്തില്‍ 71 റണ്‍സ് നേടിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് 104 പന്തില്‍ 69 റണ്‍സും നേടി പുറത്തായി. 48 പന്തില്‍ 37 റണ്‍സ് നേടിയ ക്രിസ് വോക്‌സും 54 പന്തില്‍ 36 റണ്‍സടിച്ച ജെയ്മി സ്മിത്തും സ്‌കോറിങ്ങില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

വെസ്റ്റ് ഇന്‍ഡീസിനായി അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കെവിന്‍ സിന്‍ക്ലെയര്‍, കവേം ഹോഡ്ജ്, ജെയ്ഡന്‍ സീല്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ഷമര്‍ ജോസഫാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് തോല്‍വിയേറ്റുവാങ്ങിയാണ് സന്ദര്‍ശകര്‍ രണ്ടാം മത്സരത്തിനിറങ്ങിയത്. ലോര്‍ഡ്‌സില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 114 റണ്‍സിനുമായിരുന്നു കരീബിയന്‍സിന്റെ പരാജയം. രണ്ടാം ടെസ്റ്റില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് വിന്‍ഡീസിന്റെ ശ്രമം.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ഗസ് ആറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍.

വെസ്റ്റ് ഇന്ഡീസ് പ്ലെയിങ് ഇലവന്‍:

ക്രെയ്ഗ് ബ്രാതൈ്വറ്റ് (ക്യാപ്റ്റന്‍), അലിക് അത്തനാസ്, ജോഷ്വ ഡ സില്‍വ (വിക്കറ്റ് കീപ്പര്‍), കവേം ഹോഡ്ജ്, ജെയ്‌സണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, മൈക്കിള്‍ ലൂയിസ്, കിര്‍ക് മെക്കന്‍സി, കെവിന്‍ സിന്‍ക്ലെയര്‍, ജെയ്‌ഡെന്‍ സീല്‍സ്.

Content Highlight: ENG vs WI: Kevin Sinclair’s wicket celebration goes viral

We use cookies to give you the best possible experience. Learn more