|

ഈ നേട്ടം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്നാം തവണ മാത്രം; ഒറ്റയല്ല, ഐക്കോണിക് ഡബിളില്‍ തിളങ്ങി ഇംഗ്ലണ്ട് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിന് ലോര്‍ഡ്‌സ് വേദിയാവുകയാണ്. ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണിന്റെ കരിയറിലെ അവസാന ടെസ്റ്റ് എന്ന നിലയില്‍ ഈ മത്സരത്തിന് പ്രത്യേകതകളും ഏറെയാണ്.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കൃത്യമായ മുന്‍തൂക്കവുമായാണ് ആതിഥേയര്‍ നിലകൊള്ളുന്നത്. നിലവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന വിന്‍ഡീസ് 171 റണ്‍സിന് പിന്നിലാണ്.

ആദ്യ ഇന്നിങ്‌സില്‍ സന്ദര്‍ശകരെ വെറും 121 റണ്‍സിന് എറിഞ്ഞിട്ടാണ് ഇംഗ്ലണ്ട് ലോര്‍ഡ്‌സ് പിടിച്ചടക്കാനുള്ള കച്ചമുറക്കിയത്. അരങ്ങേറ്റക്കാരന്‍ ഗസ് ആറ്റ്കിന്‍സണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. അഞ്ച് മെയ്ഡന്‍ അടക്കം 12 ഓവര്‍ പന്തെറിഞ്ഞ താരം 45 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടി.

ജെയിംസ് ആന്‍ഡേഴ്‌സണ്‍, ക്രിസ് വോക്‌സ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. 58 പന്തില്‍ 27 റണ്‍സ് നേടിയ മിഖൈല്‍ ലൂയിസാണ് ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ച് അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ 371 റണ്‍സ് നേടി. സാക്ക് ക്രോളി (89 പന്തില്‍ 76), വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് (119 പന്തില്‍ 70), ജോ റൂട്ട് (114 പന്തില്‍ 68), ഒല്ലി പോപ്പ് (74 പന്തില്‍ 57), ഹാരി ബ്രൂക് (64 പന്തില്‍ 50) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.

250 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് കളത്തിലിറങ്ങിയ വിന്‍ഡീസിന് വീണ്ടും പിഴച്ചു. ഓപ്പണര്‍മാര്‍ അടക്കം നിരാശപ്പെടുത്തിയപ്പോള്‍ 79ന് 6 എന്ന നിലയിലാണ് ടീം രണ്ടാം ദിനം അവസാനിപ്പിച്ചത്.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

കിര്‍ക് മെക്കന്‍സിയിയെും മിഖൈല്‍ ലൂയിസിനെയുമാണ് ക്യാപ്റ്റന്‍ സ്റ്റോക്‌സ് മടക്കിയത്. ടെസ്റ്റ് കരിയറിലെ 200ാം വിക്കറ്റായാണ് സ്‌റ്റോക്‌സ് മക്കെന്‍സിയെ പുറത്താക്കിയത്. ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും സ്റ്റോക്‌സിനെ തേടിയെത്തിയിരുന്നു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 6,000 റണ്‍സും 200 വിക്കറ്റും സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് സ്റ്റോക്‌സ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിന് മുമ്പ് രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് ഈ ഹിസ്‌റ്റോറിക് ഡബിള്‍ സ്വന്തമാക്കിയത്.

ടെസ്റ്റില്‍ 6,000 റണ്‍സും 200 വിക്കറ്റുമുള്ള താരങ്ങള്‍

(താരം – ടീം – ടെസ്റ്റുകള്‍ – റണ്‍സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

സര്‍ ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 93 – 8,032 – 235

ജാക്വസ് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 166 – 13,289 – 292

ബെന്‍ സ്റ്റോക്‌സ് – ഇംഗ്ലണ്ട് – 103 – 6,320 – 201*

അതേസമയം, ഇന്നിങ്സ് തോല്‍വി ഒഴിവാക്കാനുള്ള കഠിന ശ്രമത്തിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഇതിനായി നാല് വിക്കറ്റ് കയ്യിലിരിക്കെ 172 റണ്‍സ് കൂടിയാണ് വെസ്റ്റ് ഇന്‍ഡീസിന് ആവശ്യമുള്ളത്.

നിലവില്‍ 34.5 ഓവര്‍ പിന്നിടുമ്പോള്‍ 16 പന്തില്‍ എട്ട് റണ്‍സുമായി ജോഷ്വ ഡ സില്‍വയാണ് ക്രീസില്‍. അവസാന പന്തില്‍ വിന്‍ഡീസിന് ജേസണ്‍ ഹോള്‍ഡറിനെ നഷ്ടമായിരുന്നു. 59 പന്തില്‍ 20 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

Also Read: ഈ 46 കാരന്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയാണ്; ബോള്‍ എറിയാതെ നേടിയത് ഇതിഹാസനേട്ടം!

Also Read: വിന്‍ഡീസിനെതിരെ കൊടുങ്കാറ്റായി ഇംഗ്ലണ്ട്; ലോര്‍ഡ്‌സില്‍ പിറന്നത് അഞ്ച് അര്‍ധ സെഞ്ച്വറി!

Also Read: ഈ ടൂര്‍ണമെന്റ് എന്നെ ബുദ്ധിമുട്ടിച്ചു, ഫൈനലില്‍ എത്തിയതില്‍ സന്തോഷം; നിര്‍ണായക പ്രസ്താവനയുമായി മെസി

Content Highlight: ENG vs WI:  Ben Stokes becomes just the third player after Garry Sobers and Jacques Kallis to achieve the double of 6000 runs and 200 wickets in Test cricket