ഇംഗ്ലണ്ട് – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലങ്കക്ക് മുമ്പില്‍ 483 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തി ആതിഥേയര്‍. രണ്ടാം ഇന്നിങ്‌സില്‍ 251 റണ്‍സാണ് ത്രീ ലയണ്‍സ് നേടിയത്. സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്.
121 പന്ത് നേരിട്ട് 103 റണ്‍സാണ് റൂട്ട് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. പത്ത് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കവെ നേരിട്ട 111ാം പന്തില്‍ ബൗണ്ടറി നേടിയാണ് റൂട്ട് കരിയറിലെ 34ാം അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ റൂട്ടിന്റെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് സെഞ്ച്വറിയാണിത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും താരം സെഞ്ച്വറി നേടിയിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഇംഗ്ലണ്ടിനായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി.
എന്നാല്‍ റൂട്ടിന് ഇതുവരെ നേടാനാകാത്ത ഒരു സെഞ്ച്വറി നേട്ടം ഈ റെക്കോഡിന്റെ മാറ്റ് അല്‍പമെങ്കിലും കുറയ്ക്കുന്നുണ്ട്. ചിരവൈരികളായ ഓസ്‌ട്രേലിയക്കെതിരെ അവരുടെ തട്ടകത്തില്‍ സെഞ്ച്വറി നേടാതെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരമെന്ന നേട്ടമാണ് റൂട്ടിന് മേല്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ട്.
കരിയറില്‍ 34 ടെസ്റ്റ് സെഞ്ച്വറി നേടിയ റൂട്ടിന് ഒരിക്കല്‍പ്പോലും എതിരാളികളുടെ തട്ടകത്തിലെത്തി റെഡ് ബോളില്‍ നൂറടിക്കാന്‍ സാധിച്ചിട്ടില്ല.
ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടാതെ ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരം
(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ജോ റൂട്ട് – 34*
നാസര്‍ ഹുസൈന്‍ – 14
അലന്‍ ലാംബ് – 14
മാര്‍കസ് ട്രെസ്‌കോതിക് – 14
ഡെന്നിസ് ആമിസ് – 11
ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടാതെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരവും റൂട്ട് തന്നെയാണ്. 30 സെഞ്ച്വറിയുമായി വിന്‍ഡീസ് ലെജന്‍ഡ് ശിവ്‌നരെയ്ന്‍ ചന്ദര്‍പോളാണ് പട്ടികയിലെ രണ്ടാമന്‍.
ഓസ്‌ട്രേലിയക്കെതിരെ മൂന്ന് തവണയാണ് റൂട്ട് ടെസ്റ്റ് സെഞ്ച്വറി നേടിയത്. എന്നാല്‍ ഇത് മൂന്നും ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു. 2015 ആഷസില്‍ സോഫിയ ഗാര്‍ഡന്‍സിലും ട്രെന്റ് ബ്രിഡ്ജിലും ട്രിപ്പിള്‍ ഡിജിറ്റ് നേടിയ റൂട്ട് 2023ല്‍ എഡ്ജ്ബാസ്റ്റണിലും കങ്കാരുക്കള്‍ക്കെതിരെ സെഞ്ച്വറി നേടി.
അതേസമയം, ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഗസ് ആറ്റ്കിന്‍സണ്‍ നല്‍കിയതുപോലുള്ള പിന്തുണ രണ്ടാം ഇന്നിങ്‌സില്‍ മറ്റൊരാളില്‍ നിന്നും റൂട്ടിന് ലഭിച്ചിരുന്നില്ല. 37 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
രണ്ടാം ഇന്നിങ്‌സില്‍ അസിത ഫെര്‍ണാണ്ടോയും ലാഹിരു കുമാരയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മിലന്‍ രത്‌നായകെയും പ്രഭാത് ജയസൂര്യയും രണ്ട് വിക്കറ്റ് വീതവും നേടി.
483 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിലവില്‍ 18 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 50 എന്ന നിലയിലാണ്. 47 പന്തില്‍ 22 റണ്‍സുമായി ദിമുത് കരുണരത്‌നെയും 12 പന്തില്‍ ഒരു റണ്‍സുമായി പ്രഭാത് ജയസൂര്യയുമാണ് ക്രീസില്‍.
Content Highlight: ENG vs SL: Joe Root tops the list of most Test hundreds for England without a hundred in Australia