ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ലങ്കക്ക് മുമ്പില്‍ 483 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തി ആതിഥേയര്‍. രണ്ടാം ഇന്നിങ്‌സില്‍ 251 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഫ്യൂച്ചര്‍ ഹാള്‍ ഓഫ് ഫെയ്മര്‍ ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്.
121 പന്ത് നേരിട്ട് 103 റണ്‍സാണ് റൂട്ട് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. പത്ത് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കവെ നേരിട്ട 111ാം പന്തില്‍ ബൗണ്ടറി നേടിയാണ് റൂട്ട് കരിയറിലെ 34ാം അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ റൂട്ടിന്റെ വേഗതയേറിയ ടെസ്റ്റ് സെഞ്ച്വറിയാണിത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും റൂട്ട് സെഞ്ച്വറി നേടിയിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ഷോര്‍ട്ടി സ്വന്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ തന്റെ മുന്‍ഗാമിയായ അലിസ്റ്റര്‍ കുക്കിനെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കി വിട്ട് ഒന്നാം സ്ഥാനം ഒറ്റയ്ക്ക് സ്വന്തമാക്കാനും റൂട്ടിനായി.
ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – മത്സരം – ഇന്നിങ്സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ജോ റൂട്ട് – 145 – 265 – 34*
അലിസ്റ്റര്‍ കുക്ക് – 161 – 291 – 33
കെവിന്‍ പീറ്റേഴ്സണ്‍ – 104 – 181 – 23
വാള്‍ട്ടര്‍ ഹാമ്മണ്ട് – 85 – 140 – 22
മൈക്കല്‍ കൗഡ്രേ – 114 – 188 – 22
ഇതോടെ ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കുതിക്കാനും റൂട്ടിനായി. ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഒന്നാനും റൂട്ട് തന്നെ.
ആദ്യ ഇന്നിങ്‌സില്‍ ഗസ് ആറ്റ്കിന്‍സണ്‍ നല്‍കിയതുപോലുള്ള പിന്തുണ രണ്ടാം ഇന്നിങ്‌സില്‍ റൂട്ടിന് ലഭിച്ചിരുന്നില്ല. 37 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
രണ്ടാം ഇന്നിങ്‌സില്‍ അസിത ഫെര്‍ണാണ്ടോയും ലാഹിരു കുമാരയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മിലന്‍ രത്‌നായകെയും പ്രഭാത് ജയസൂര്യയും രണ്ട് വിക്കറ്റ് വീതവും നേടി.
483 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 എന്ന നിലയിലാണ്. 11 പന്തില്‍ അഞ്ച് റണ്‍സുമായി ദിമുത് കരുണരത്‌നെയും 13 പന്തില്‍ ഒമ്പത് റണ്‍സുമായി നിഷന്‍ മധുശങ്കയുമാണ് ക്രീസില്‍.
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും റൂട്ടിന്റെയും യുവതാരം ഗസ് ആറ്റ്കിന്‍സണിന്റെയും ഇന്നിങ്‌സുകള്‍ തുണയായി. റൂട്ട് തന്റെ കരിയറിലെ 33ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചപ്പോള്‍ ഫസ്റ്റ് ക്ലാസിലെ ആദ്യ സെഞ്ച്വറിയാണ് ആറ്റ്കിന്‍സണ്‍ ലോര്‍ഡ്‌സില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
റൂട്ട് 206 പന്തില്‍ 143 റണ്‍സ് നേടിയപ്പോള്‍ 115 പന്തില്‍ 118 റണ്‍സാണ് ആറ്റ്കിന്‍സണ്‍ സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമെ ബെന്‍ ഡക്കറ്റ് (47 പന്തില്‍ 40), ഹാരി ബ്രൂക്ക് (45 പന്തില്‍ 33) എന്നിവരുടെ ഇന്നിങ്‌സും ടീമിന് തുണയായി.
ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ അഞ്ച് വിക്കറ്റ് നേടി. താരത്തിന്റെ കരിയറിലെ രണ്ടാമത് ഫൈഫര്‍ നേട്ടമാണിത്. സേന രാജ്യങ്ങള്‍ക്കെതിരെ നേടുന്ന ഫെര്‍ണാണ്ടോ നേടിയ ആദ്യ ഫൈഫറായും ലോര്‍ഡ്‌സ് ടെസ്റ്റിലെ പ്രകടനം അടയാളപ്പെടുത്തപ്പെട്ടു.
അസിത ഫെര്‍ണാണ്ടോക്ക് പുറമെ മിലന്‍ രത്‌നായകെ, ലാഹിരു കുമാര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രഭാത് ജയസൂര്യയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തൊട്ടതെല്ലാം പിഴച്ചു. 196 റണ്‍സിനാണ് ടീം പുറത്തായത്. അര്‍ധ സെഞ്ച്വറി നേടിയ കാമിന്ദു മെന്‍ഡിസ് മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതി നിന്നത്. 120 പന്ത് നേരിട്ട് 74 റണ്‍സാണ് മെന്‍ഡിസ് സ്വന്തമാക്കിയത്. 23 റണ്‍സടിച്ച ദിനേഷ് ചണ്ഡിമലാണ് ലങ്കന്‍ നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, മാത്യൂ പോട്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ഒലി സ്‌റ്റോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ലാഹിരു കുമാര റണ്‍ ഔട്ടായപ്പോള്‍ ഷോയ്ബ് ബഷീറാണ് ശേഷിക്കുന്ന വിക്കറ്റ് തന്റെ പേരില്‍ കുറിച്ചത്.
Content Highlight: ENG vs SL: Joe Root surpasses Alastair Cook in most test centuries for England