ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സില്‍ തുടരുന്നു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 32ന് രണ്ട് എന്ന നിലയില്‍ സന്ദര്‍ശകര്‍ ബാറ്റിങ് തുടരുകയാണ്. വിക്കറ്റ് കീപ്പര്‍ നിഷാന്‍ മധുശങ്ക (15 പന്തില്‍ ഏഴ്), ദിമുത് കരുണരത്‌നെ (26 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കക്ക് നഷ്ടപ്പെട്ടത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 427 റണ്‍സാണ് സ്വന്തമാക്കിയത്. ഇതിഹാസ താരം ജോ റൂട്ട്, യുവതാരം ഗസ് ആറ്റ്കിന്‍സണ്‍ എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്.
റൂട്ട് 206 പന്തില്‍ 143 റണ്‍സ് നേടിയപ്പോള്‍ 115 പന്തില്‍ 118 റണ്‍സാണ് ആറ്റ്കിന്‍സണ്‍ അടിച്ചെടുത്തത്. താരത്തിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്.
ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ ഫൈഫര്‍ നേടി. മിലന്‍ രത്‌നായകെ, ലാഹിരു കുമാര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രഭാത് ജയസൂര്യയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
രണ്ട് മെയ്ഡന്‍ അടക്കം 24 ഓവര്‍ പന്തെറിഞ്ഞ് 102 റണ്‍സ് വഴങ്ങിയാണ് ഫെര്‍ണാണ്ടോ ഫൈഫര്‍ നേടിയത്. താരത്തിന്റെ കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.
ക്യാപ്റ്റന്‍ ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ഗസ് ആറ്റ്കിന്‍സണ്‍, മാത്യു പോട്ട്‌സ്, ഒലി സ്‌റ്റോണ്‍ എന്നിവരുടെ വിക്കറ്റാണ് ഫെര്‍ണാണ്ടോ പിഴുതെറിഞ്ഞത്.
കരിയറിലെ രണ്ടാം ഫൈഫര്‍ തന്നെ ഒരു സേന രാജ്യത്തിനെതിരെ അതും എവേ കണ്ടീഷനില്‍ നേടാന്‍ സാധിച്ചു എന്നതാണ് താരത്തിന്റെ നേട്ടത്തെ സ്‌പെഷ്യലാക്കുന്നത്. 2022ല്‍ ബംഗ്ലാദേശിനെതിരെയാണ് ഫെര്‍ണാണ്ടോ കരിയറിലെ ആദ്യ ടെസ്റ്റ് ഫൈഫര്‍ നേടിയത്. ഇതും എതിരാളികളുടെ തട്ടകത്തില്‍ തന്നെയായിരുന്നു.
സേന രാജ്യങ്ങള്‍ക്കെതിരെ അവരുടെ തട്ടകത്തില്‍ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോഡ് ഇന്ത്യന്‍ ഇതിഹാസ താരം അശ്വിന്‍ അടക്കമുള്ള പല സൂപ്പര്‍ താരങ്ങള്‍ക്കും നേടാന്‍ സാധിച്ചിട്ടില്ല.
ടെസ്റ്റ് കരിയറില്‍ 36 തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇതില്‍ 26 തവണയും സേന രാജ്യങ്ങള്‍ തന്നെയായിരുന്നു അശ്വിന്റെ ഇരകള്‍.
സൗത്ത് ആഫ്രിക്കക്കെതിരെ അഞ്ച് തവണയും ഇംഗ്ലണ്ടിനെതിരെ എട്ട് തവണയും ഈ നേട്ടം സ്വന്തമാക്കിയ അശ്വിന്‍ ന്യൂസിലാന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരെ യഥാക്രമം ആറ് തവണയും ഏഴ് തവണയും അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മധുരം നുണഞ്ഞു.
എന്നാല്‍ ഈ 26 തവണയും സ്വന്തം മണ്ണിലാണ് അശ്വിന്‍ ഫൈഫര്‍ നേടിയത്.
16 ടെസ്റ്റിലെ 25 ഇന്നിങ്‌സില്‍ നിന്നുമായി 56 വിക്കറ്റാണ് താരം നേടിയത്. 3.50 എക്കോണമിയിലും 25.48 ശരാശരിയിലും പന്തെറിയുന്ന ഫെര്‍ണാണ്ടോയുടെ സ്‌ട്രൈക്ക് റേറ്റ് 43.73 ആണ്. രണ്ട് ഫൈഫറും ഒരു ടെന്‍ഫറും താരത്തിന്റെ പേരിലുണ്ട്. ബംഗ്ലാദേശിനെതിരെ നേടിയ 51/6 ആണ് മികച്ച പ്രകടനം.
Content highlight: ENG vs SL: Asitha Fernando picks 5 wickets in 2nd test