ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ആതിഥേയര്‍. മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ 152 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും പാകിസ്ഥാനായി.
സ്‌കോര്‍
പാകിസ്ഥാന്‍: 336 & 221
ഇംഗ്ലണ്ട്: 291 & 144 (T: 297)
Only the 2️⃣nd time for Pakistan that all 2️⃣0️⃣ wickets have been shared by two bowlers and the first such occurrence since 1972 in Tests 🙌
1348 ദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ഒരു ഹോം ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുന്നത്. 2021ല്‍ സൗത്ത് ആഫ്രിക്ക പര്യടനത്തിനെത്തിയപ്പോഴാണ് പാകിസ്ഥാന്‍ അവസാനമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് മത്സരം വിജയിച്ചത്.
ഇതിന് ശേഷം ഓസ്‌ട്രേലിയ രണ്ട് തവണയും ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ ഓരോ തവണയും പര്യടനം നടത്തിയിട്ടും ഒറ്റ മത്സരം പോലും വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് പാകിസ്ഥാനോട് ഒരു ടെസ്റ്റ് മത്സരവും പരമ്പരയും വിജയിച്ചതും സ്വന്തം മണ്ണില്‍ വെച്ചായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
തുടര്‍ച്ചയായ ആറ് ടെസ്റ്റ് തോല്‍വികള്‍ക്ക് ശേഷം ക്യാപ്റ്റന്‍ ഷാന്‍ മസൂദിനുള്ള ആശ്വാസ ജയം കൂടിയായിരുന്നു ഇത്. കഴിഞ്ഞ 11 ഹോം ടെസ്റ്റില്‍ ഏഴിലും പാകിസ്ഥാന്‍ പരാജയമറിഞ്ഞിരുന്നു.
വിജയത്തിന് അടിത്തറയിട്ട ആദ്യ ഇന്നിങ്‌സ്
രണ്ടാം മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ബാബര്‍ അസമിന് പകരക്കാരനായി ടീമില്‍ ഇടം നേടിയ കമ്രാന്‍ ഗുലാമിന്റെ സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ 366 റണ്‍സ് നേടി. തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയാണ് ഗുലാം തിളങ്ങിയത്.
77 റണ്‍സ് നേടിയ സയീം അയ്യൂബിന്റെ പ്രകടനവും ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന് തുണയായി. മുഹമ്മദ് റിസ്വാന്‍ (97 പന്തില്‍ 41), ആമിര്‍ ജമാല്‍ (69 പന്തില്‍ 37), ആഘാ സല്‍മാന്‍ (53 പന്തില്‍ 31) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്‌സില്‍ ജാക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ബ്രൈഡന്‍ ക്രേസ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാത്യൂ പോട്‌സ് രണ്ട് വിക്കറ്റും നേടി. ഷോയ്ബ് ബഷീറാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. സെഞ്ച്വറി നേടിയ ബെന്‍ ഡക്കറ്റിന്റെ പ്രകടനമാണ് സന്ദര്‍ശകരെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 129 പന്തില്‍ 114 റണ്‍സാണ് താരം നേടിയത്.
34 റണ്‍സ് നേടിയ ജോ റൂട്ടാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
സാജിദ് ഖാന്‍ എന്ന കൊമ്പന്‍മീശക്കാരന് മുമ്പിലാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. ഏഴ് വിക്കറ്റാണ് ഈ വലം കയ്യന്‍ ഓഫ് ബ്രേക്കര്‍ പിഴുതെറിഞ്ഞത്. ജോ റൂട്ട് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഖാന്റെ നോട്ടത്തില്‍ ദഹിച്ചുപോയി.
ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കം പാളിയെങ്കിലും പോകെപ്പോകെ മോമെന്റം വീണ്ടെടുത്തു. കളത്തിലിറങ്ങിയ എല്ലാവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയതോടെ പാകിസ്ഥാന്‍ 221ലെത്തി. 89 പന്തില്‍ 63 റണ്‍സ് നേടിയ ആഘാ സല്‍മാനാണ് ടോപ് സ്‌കോറര്‍.
ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ ജാക്ക് ലീച്ച് തിളങ്ങി. ലീച്ച് മൂന്ന് വിക്കറ്റും ഷോയ്ബ് ബഷീര്‍ നാല് വിക്കറ്റും നേടി. ബ്രൈഡന്‍ ക്രേസും മാത്യു പോട്‌സും ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
297 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന് ഒരിക്കല്‍പപോലും അപ്പര്‍ഹാന്‍ഡ് നേടാന്‍ സാധിച്ചില്ല. നോമന്‍ അലിയും സാജിദ് ഖാനും ചേര്‍ന്ന് ഒന്നൊഴിയാതെ തലകള്‍ അരിഞ്ഞിട്ടു.
Noman, Sajid spin Pakistan to a series-leveling victory in Multan
നോമന്‍ അലി എട്ട് വിക്കറ്റ് നേടി ടെന്‍ഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് വിക്കറ്റുമായി സാജിദ് അലി മികച്ച പിന്തുണ നല്‍കി.
സീരീസ് ഡിസൈഡര്‍
ഒക്ടോബര്‍ 24നാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ ടെസ്റ്റ് ആരംഭിക്കുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് വാശിയേറിയ പോരാട്ടത്തിന് വേദിയാവുന്നത്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ഹോം ടെസ്റ്റ് സീരീസ് ജയമാണ് പാകിസ്ഥാന് മുമ്പിലുള്ളത്. ഇതേ പ്രകടനം ആവര്‍ത്തിച്ച് നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ പാകിസ്ഥാന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content highlight: ENG vs PAK: Pakistan defeats England