| Friday, 11th October 2024, 2:50 pm

എന്തുകൊണ്ട് തോറ്റു; നാണംകെട്ട തോല്‍വിയില്‍ വിശദീകരണവുമായി പാക് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാനുള്ള പാകിസ്ഥാന്റെ കാത്തിരിപ്പ് തുടരുകയാണ്. ഷാന്‍ മസൂദിന് കീഴില്‍ ഒറ്റ ടെസ്റ്റ് പോലും ജയിക്കാന്‍ സാധിക്കാതിരുന്ന പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ഇന്നിങ്‌സ് പരാജയമാണ് ഏറ്റുവാങ്ങിയത്.

മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. ഏഷ്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ രണ്ടാമത് മാത്രം ഇന്നിങ്‌സ് വിജയമാണിത്.

സ്‌കോര്‍

പാകിസ്ഥാന്‍: 556 & 220

ഇംഗ്ലണ്ട്: 823/7d

കഴിഞ്ഞ 1,341 ദിവസമായി പാകിസ്ഥാന് സ്വന്തം മണ്ണില്‍ ഒറ്റ ടെസ്റ്റ് വിജയം പോലും നേടാന്‍ സാധിച്ചിട്ടില്ല. ഒടുവില്‍ കളിച്ച 11 മത്സരത്തില്‍ ഏഴിലും പരാജയപ്പെട്ടപ്പോള്‍ നാലെണ്ണം സമനിലയിലും അവസാനിച്ചു.

ഇംഗ്ലണ്ടിനെതിരെ നേരിട്ട പരാജയത്തിന് പിന്നാലെ പ്രതികരിക്കുകയാണ് നായകന്‍ ഷാന്‍ മസൂദ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പാകിസ്ഥാന്‍ ജനത ആഗ്രഹിച്ച ഒരു വിജയം സമ്മാനിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ തോല്‍വി ഏറെ നിരാശയും വേദനയും സമ്മാനിക്കുന്നു. ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് അര്‍ഹിക്കുന്ന ഒരു റിസള്‍ട്ട് നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് കൂടുതല്‍ നിരാശയുണ്ടാക്കുന്നത്. ഈ സ്ഥിതി മറികടക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

സ്‌കോര്‍ ബോര്‍ഡില്‍ 550 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോള്‍ മറുവശത്ത് പത്ത് വിക്കറ്റും നേടി ആ സ്‌കോറിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കണം. മൂന്നാം ഇന്നിങ്‌സില്‍ 220 റണ്‍സാണ് ഞങ്ങള്‍ നേടിയത്. ലീഡ് എത്രത്തോളം ഉണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കും മികച്ച സ്‌കോര്‍ നിര്‍ണയിക്കപ്പെടുക.

ഞങ്ങളുടെ 20 വിക്കറ്റും പിഴുതെറിയാന്‍ ഇംഗ്ലണ്ട് വഴി കണ്ടെത്തി. അത് ആവര്‍ത്തിക്കാന്‍ ഞങ്ങളും ഒരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. മുമ്പോട്ട് പോകുമ്പോള്‍ ആ വെല്ലുവിളിയാണ് ഞങ്ങള്‍ക്ക് നേരിടാനുണ്ടാവുക,’ ഷാന്‍ മസൂദ് പറഞ്ഞു.

ഈ പരാജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് പിന്നിലാണ് ആതിഥേയര്‍. ഇനിയുള്ള രണ്ട് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കൂ.

ഒക്ടോബര്‍ 15നാണ് പരമ്പരയിലെ അടുത്ത മത്സരം. മുള്‍ട്ടാന്‍ തന്നെയാണ് വേദി.

Content highlight: ENG vs PAK: Pakistan captain Shan Masood with explanation in defeat

We use cookies to give you the best possible experience. Learn more