| Thursday, 10th October 2024, 3:54 pm

പാകിസ്ഥാനെ തല്ലി സേവാഗിനെ കടത്തിവെട്ടി, ചരിത്രത്തിലെ ആറാമനും അഞ്ചാമനും; ഇതാ മുള്‍ട്ടാനിലെ പുതിയ സുല്‍ത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ആതിഥേയര്‍ ഒരിക്കലും മറക്കില്ല. ഹൈവേയെ വെല്ലുന്ന തരത്തില്‍ ഫ്‌ളാറ്റ് പിച്ച് ഒരുക്കി റണ്‍സടിച്ചുകൂട്ടിയപ്പോള്‍ മറുവശത്തും അതിന് പോന്ന ബാറ്റര്‍മാര്‍ ഉണ്ടാകുമെന്ന് ഇനിയെങ്കിലും പാക് ടീം ഓര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇതിഹാസ താരം ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയുടെയും ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെയും കരുത്തില്‍ പടുകൂറ്റന്‍ സ്‌കോറാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. റൂട്ട് 375 പന്തില്‍ 262 റണ്‍സ് നേടി പുറത്തായി. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് പാകിസ്ഥാനെതിരെ പിറന്നത്.

322 പന്ത് നേരിട്ട് 317 റണ്‍സാണ് ബ്രൂക് സ്വന്തമാക്കിയത്. 29 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മുള്‍ട്ടാനില്‍ പുതിയ സുല്‍ത്താന്റെ പിറവി

മുള്‍ട്ടാന്‍ ടെസ്റ്റിന് മുമ്പ് 2023ല്‍ ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണില്‍ വെച്ച് നേടിയ 186 റണ്‍സായിരുന്നു ഹാരി ബ്രൂക് എന്ന യുവതാരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. കരിയറിലെ ആദ്യ അന്താരാഷ്ട്ര റെഡ് ബോള്‍ ഡബിള്‍ സെഞ്ച്വറി തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്താണ് ബ്രൂക് ചരിത്രമെഴുതിയത്.

ഇതിന് പുറമെ എണ്ണം പറഞ്ഞ പല റെക്കോഡുകളും താരത്തെ തേടിയെത്തി. ഇംഗ്ലണ്ടിനായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആറാമത് താരമെന്ന നേട്ടമാണ് ബ്രൂക്ക് തന്റെ പേരിലെഴുതിച്ചേര്‍ത്തത്. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒരു ഇംഗ്ലീഷ് താരത്തിന്റെ ബാറ്റ് മുന്നൂറടിക്കുന്നത്.

ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍

(റണ്‍സ് – താരം – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)

325 – ആന്‍ഡി സാന്‍ഡ്ഹാം – വെസ്റ്റ് ഇന്‍ഡീസ് – 1930 – കിങ്സ്റ്റണ്‍.

336* – വാലി ഹാമ്മണ്ട് – ന്യൂസിലാന്‍ഡ് – 1933 – ഓക്‌ലന്‍ഡ്.

364 – ലെന്‍ ഹട്ടണ്‍ – ഓസ്‌ട്രേലിയ – 1938 – ഓവല്‍.

310* – ജോണ്‍ എഡ്രിച്ച് – വെസ്റ്റ് ഇന്‍ഡീസ് – 1974 – കിങ്‌സ്റ്റണ്‍.

333 – ഗ്രഹാം ഗൂച്ച് – ഇന്ത്യ – 1990 – ലോര്‍ഡ്‌സ്.

317 – ഹാരി ബ്രൂക് – പാകിസ്ഥാന്‍ – 2024 – മുള്‍ട്ടാന്‍.

ഇതിന് പുറമെ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരമെന്ന നേട്ടവും ബ്രൂക് സ്വന്തമാക്കി.

പാകിസ്ഥാനെതിരെ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ / ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരങ്ങള്‍

(റണ്‍സ് – താരം – ടീം – വര്‍ഷം എന്നീ ക്രമത്തില്‍)

365* – ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 1958

335* – ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 2019

334* – മാര്‍ക് ടെയ്‌ലര്‍ – ഓസ്‌ട്രേലിയ – 1998

317 – ഹാരി ബ്രൂക് – ഇംഗ്ലണ്ട് – 2024*

309 – വിരേന്ദര്‍ സേവാഗ് – ഇന്ത്യ – 2004

കടവുമായി പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സിന്

അതേസമയം, 267 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാകിസ്ഥാന് നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. നിലവില്‍ 23 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് പാകിസ്ഥാന്‍. ഓപ്പണര്‍ അബ്ദുള്ള ഷഫീഖിനെ ഗോള്‍ഡന്‍ ഡക്കാക്കി ക്രിസ് വോക്‌സാണ് ആതിഥേയര്‍ക്ക് തുടക്കത്തിലേ തിരിച്ചടി സമ്മാനിച്ചത്.

19 പന്തില്‍ പത്ത് റണ്‍സുമായി ഷാന്‍ മസൂദും 16 പന്തില്‍ 13 റണ്‍സുമായി സയീം അയ്യൂബുമാണ് ക്രീസില്‍.

നാലാം ദിനം ചായക്ക് പിരിയുമ്പോഴുള്ള സ്‌കോര്‍

പാകിസ്ഥാന്‍ – 556 & 23/1 (6)

ഇംഗ്ലണ്ട് – 823/7d

Content Highlight: ENG vs PAK: Harry Brook becomes 6th England batter to score triple century in test

We use cookies to give you the best possible experience. Learn more