| Friday, 11th October 2024, 2:01 pm

ഇതിഹാസപ്പിറവി; 137 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം; അടിക്ക് തിരിച്ചടിയുമായി റെക്കോഡിന്റെ കൊടുമുടിയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ത്രീ ലയണ്‍സ് പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. മുള്‍ട്ടാന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 267 റണ്‍സിന്റെ ലീഡ് മറികടന്ന് സ്‌കോര്‍ ഉയര്‍ത്താനെത്തിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ 220ന് പുറത്തായതോടെയാണ് ഇംഗ്ലണ്ട് തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സ്വന്തമാക്കിയത്.

സ്‌കോര്‍

പാകിസ്ഥാന്‍: 556 & 220

ഇംഗ്ലണ്ട്: 823/7d

മറ്റാര്‍ക്കുമില്ലാത്ത നേട്ടം

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇംഗ്ലണ്ട് സ്വന്തമാക്കി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ഞൂറിലധികം റണ്‍സ് വഴങ്ങുകയും ഇന്നിങ്‌സ് ജയം സ്വന്തമാക്കുകയും ചെയ്യുന്ന ചരിത്രത്തിലെ ആദ്യ ടീം എന്ന ഐതിഹാസിക നേട്ടമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

മുള്‍ട്ടാനില്‍ സന്ദര്‍ശകരുടെ തേര്‍വാഴ്ച

മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ച പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാനുറച്ച് ക്രീസിലെത്തി. തുടക്കത്തില്‍ ചെറിയ തിരിച്ചടി നേരിട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി അബ്ദുള്ള ഷഫീഖും ക്യാപ്റ്റന്‍ ഷാന്‍ മസൂദും ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു.

ബാബറും റിസ്വാനുമടക്കമുള്ള വിശ്വസ്തര്‍ പരാജയപ്പെട്ടെങ്കിലും സല്‍മാന്‍ അലി ആഘായും സൗദ് ഷക്കീലും ചെറുത്തുനിന്നു. ഒടുവില്‍ 556 റണ്‍സുമായാണ് പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

മസൂദ് 177 പന്തില്‍ 151 റണ്‍സടിച്ച് പുറത്തായി. ആഘാ സല്‍മാന്‍ 119 പന്തില്‍ 104 റണ്‍സ് നേടിയപ്പോള്‍ 184 പന്തില്‍ 102 റണ്‍സാണ് അബ്ദുള്ള ഷഫീഖ് സ്വന്തമാക്കിയത്. 177 പന്തില്‍ 82 റണ്‍സ് നേടിയ സൗദ് ഷക്കീലും പാകിസ്ഥാനായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇംഗ്ലണ്ടിനായി ജാക് ലീച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രൈഡന്‍ ക്രേസും ഗസ് ആറ്റ്കിന്‍സണും രണ്ട് വിക്കറ്റ് വീതവും നേടി. ക്രിസ് വോക്‌സ്, ഷോയ്ബ് ബഷീര്‍, ജോ റൂട്ട് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പിഴച്ചു. ക്യാപ്റ്റന്‍ ഒലി പോപ്പ് സില്‍വര്‍ ഡക്കായി മടങ്ങി. എന്നാല്‍ മത്സരം പുരോഗമിക്കവെ ഇംഗ്ലണ്ടും പിച്ചിന്റെ ആനുകൂല്യം പരമാവധി മുതലെടുത്തു.

ഓപ്പണര്‍ സാക്ക് ക്രോളിയെയും നാലാം നമ്പറിലെത്തിയ ബെന്‍ ഡക്കറ്റിനെയും ഒപ്പം കൂട്ടി ജോ റൂട്ട് സ്‌കോര്‍ ഉയര്‍ത്തി. ഇരുവര്‍ക്കുമൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ റൂട്ട് അഞ്ചാം നമ്പറില്‍ കളത്തിലിറങ്ങിയ ഹാരി ബ്രൂക്കിനൊപ്പം ക്വാഡ്രാപ്പിള്‍ സെഞ്ച്വറിയുടെ പടുകൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തി.

ക്രോളി 85 പന്തില്‍ 78 റണ്‍സ് നേടി മടങ്ങി. 75 പന്തില്‍ 84 റണ്‍സാണ് ഡക്കറ്റിന്റെ സമ്പാദ്യം.

ഹാരി ബ്രൂക്കിനെ ഒപ്പം കൂട്ടി 454 റണ്‍സാണ് ജോ റൂട്ട് ടോട്ടലിലേക്ക് സംഭാവന ചെയ്തത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന് ടെസ്റ്റ് പാര്‍ട്ണര്‍ഷിപ്പിന്റെ റെക്കോഡും സ്വന്തമാക്കിയാണ് താരം കളം വിട്ടത്.

ഒടുവില്‍ 267 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി 823 റണ്‍സില്‍ നില്‍ക്കവെ ഇംഗ്ലണ്ട് നായകന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

രണ്ടാം ഇന്നിങ്‌സില്‍ സംഭവിച്ചത്

267 റണ്‍സിന്റെ കടവുമായി ഇറങ്ങിയ പാകിസ്ഥാന് ആദ്യ പന്തില്‍ തന്നെ ഒന്നാം ഇന്നിങ്സിലെ സെഞ്ചൂറിയന്‍മാരില്‍ ഒരാളായ അബ്ദുള്ള ഷഫീഖിനെ നഷ്ടമായി. പിന്നാലെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പാകിസ്ഥാനെ കടന്നാക്രമിക്കുന്ന കാഴ്ചയ്ക്കാണ് മുള്‍ട്ടാന്‍ സാക്ഷ്യം വഹിച്ചത്.

തൊട്ടതെല്ലാം പിഴച്ച പാകിസ്ഥാന്‍ നിരയില്‍ ആഘാ സല്‍മാനും ആമിര്‍ ജമാലും മാത്രമാണ് ചെറുത്തുനിന്നത്. സല്‍മാന്‍ അലി ആഘാ 84 പന്തില്‍ 63 റണ്‍സ് നേടിയപ്പോള്‍ 104 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് ജമാല്‍ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാല് വിക്കറ്റ് നേടി. ഗസ് ആറ്റ്കിന്‍സണും ബ്രൈഡന്‍ ക്രേസും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. അബ്രാര്‍ അഹമ്മദ് ആബ്സന്റ് ഹര്‍ട്ടായപ്പോള്‍ ക്രിസ് വോക്സാണ് ശേഷിച്ച വിക്കറ്റും നേടിയത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് ലീഡ് നേടാനും ഇംഗ്ലണ്ടിനായി. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കാണ് കളിയിലെ താരം.

ഒക്ടോബര്‍ 15നാണ് പരമ്പരയിലെ അടുത്ത മത്സരം. മുള്‍ട്ടാന്‍ തന്നെയാണ് വേദി.

Content highlight: ENG vs PAK: England registered historical record in Multan

We use cookies to give you the best possible experience. Learn more