ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്കില്‍ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട് പരമ്പര അടിയറവ് വെച്ച ആതിഥേയര്‍ക്ക് മുഖം രക്ഷിക്കാന്‍ അവസാന മത്സരത്തില്‍ വിജയം അനിവാര്യമാണ്.
മൂന്നാം മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 18/2 എന്ന നിലയിലാണ്. 640 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാന്‍ സാധിക്കൂ.
സ്‌കോര്‍ (മൂന്നാം ദിനം അവസാനിക്കുമ്പോള്‍)
ന്യൂസിലാന്‍ഡ്: 347 & 453
ഇംഗ്ലണ്ട്: 143 & 18/2 (T: 658)
രണ്ടാം ഇന്നിങ്‌സില്‍ രണ്ട് ഓപ്പണര്‍മാരെയും ഇംഗ്ലണ്ടിന് ഇതിനോടകം തന്നെ നഷ്ടപ്പെട്ടു. സാക്ക് ക്രോളി 17 പന്തില്‍ അഞ്ച് റണ്‍സ് നേടി മടങ്ങിയപ്പോള്‍ നാല് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കവെയാണ് ബെന്‍ ഡക്കറ്റ് പവലിയനിലേക്ക് തിരിച്ചുനടന്നത്. ക്രോളിയെ മാറ്റ് ഹെന്‌റി മടക്കിയപ്പോള്‍ ടിം സൗത്തിയാണ് ഡക്കറ്റിന്റെ വിക്കറ്റ് നേടിയത്.
അഞ്ചാം ഓവറിലെ അവസാന പന്തിലാണ് ഇംഗ്ലണ്ടിന് സാക്ക് ക്രോളിയെ നഷ്ടപ്പെടുന്നത്. മാറ്റ് ഹെന്‌റിയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്താകുന്നത്.
ഇതോടെ മൂന്ന് മത്സരങ്ങളുടെ ഈ പരമ്പരയിലെ ആറ് ഇന്നിങ്‌സിലും മാറ്റ് ഹെന്‌റിയുടെ കൈകൊണ്ട് പുറത്താകാനായിരുന്നു സാക്ക് ക്രോളിയുടെ വിധി. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഹെന്‌റിയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് ക്രോളി പുറത്താകുന്നത്. 14 പന്തില്‍ 21 റണ്‍സ് നേടി നില്‍ക്കവെയാണ് താരത്തിന്റെ മടക്കം.
വെല്ലിങ്ടണിലെ ബേസിന്‍ റിസര്‍വില്‍ നടന്ന രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഹെന്‌റിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ ക്രോളി രണ്ടാം ഇന്നിഥങ്‌സില്‍ ഡെവോണ്‍ കോണ്‍വേക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പന്തെറിഞ്ഞത് മാറ്റ് ഹെന്‌റിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!
ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയ ക്രോളി രണ്ടാം ഇന്നിങ്‌സില്‍ റിട്ടേണ്‍ ക്യാച്ചായും മടങ്ങി. രണ്ട് തവണയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഹെന്‌റി പുഞ്ചിരിച്ചുനിന്നു.
ഇതിന് പുറമെ രണ്ട് തവണ കൂടി ഹെന്‌റിയുടെ പന്തില്‍ ക്രോളി പുറത്തായിട്ടുണ്ട്.
ടെസ്റ്റ് ഫോര്‍മാറ്റിലെ മാറ്റ് ഹെന്‌റി vs സാക്ക് ക്രോളി ഹെഡ് ടു ഹെഡ് സ്റ്റാര്‍ ബാറ്റില്‍ നമുക്കൊന്ന് പരിശോധിക്കാം.
ആകെ ഇന്നിങ്‌സുകള്‍: 9
ആകെയെറിഞ്ഞ പന്തുകള്‍: 64
റണ്‍സ്: 29
ഔട്ട്: 8 തവണ
ശരാശരി: 3.62
ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍ എന്ന വിശേഷണത്തിന് പുറമെ മാറ്റ് ഹെന്‌റിയുടെ ബണ്ണി എന്ന വിശേഷണവും സാക്ക് ക്രോളിയുടെ പേരിന് നേരെ എഴുതിച്ചേര്‍ക്കേണ്ട അവസ്ഥയാണ്.
Content highlight: ENG vs NZ: Zack Crawly becomes the bunny of Matt Henry