ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ചരിത്രമെഴുതി മുന്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ 9,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ന്യൂസിലാന്‍ഡ് താരമെന്ന ഐതിഹാസിക നേട്ടമാണ് വില്യംസണ്‍ സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലാണ് വില്യംസണ്‍ കരിയറിലെ സുപ്രധാന നേട്ടം കൈവരിച്ചത്.
തന്റെ 103ാം ടെസ്റ്റിലാണ് വില്യംസണ്‍ ഈ ചരിത്ര നേട്ടത്തിലെത്തിയത്.
ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന 19ാം താരമാണ് വില്യംസണ്‍. ഇതോടെ ഫാബ് ഫോറിലെ നാല് താരങ്ങളും 9,000 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്.
ന്യൂസിലാന്‍ഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്ററായി ഇതിനോടകം തന്നെ സ്വയം അടയാളപ്പെടുത്തിയ വില്യംസണ്‍ ഇപ്പോള്‍ ആ സ്ഥാനം ഒന്നൂകുടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.
(താരം – മത്സരം – റണ്‍സ് എന്നീ ക്രമത്തില്‍)
കെയ്ന്‍ വില്യംസണ്‍ – 103* – 9,000+
റോസ് ടെയ്‌ലര്‍ – 112 – 7,683
സ്റ്റീഫന്‍ ഫ്‌ളെമിങ് – 111 – 7,172
ബ്രണ്ടന്‍ മക്കെല്ലം – 101 – 6,453
ടോം ലാഥം – 86* – 5,711
മാര്‍ട്ടിന്‍ ക്രോ – 77 – 5,444
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ന്യൂസിലാന്‍ഡ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്. 30 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 എന്ന നിലയിലാണ് കിവികള്‍. നിലവില്‍ 50 റണ്‍സിന് പിറകിലാണ്.
71 പന്തില്‍ 44 റണ്‍സുമായി കെയ്ന്‍ വില്യംസണും 43 പന്തില്‍ 16 റണ്‍സുമായി ഡീരില്‍ മിച്ചലുമാണ് ക്രീസില്‍.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയച്ചു. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ന്യൂസിലാന്‍ഡ് 348 റണ്‍സ് നേടി.
വില്യംസണ്‍ 197 പന്തില്‍ 93 റണ്‍സടിച്ചപ്പോള്‍ 87 പന്തില്‍ പുറത്താകാതെ 58 റണ്‍സാണ് ഫിലിപ്സ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ടോം ലാഥം (54 പന്തില്‍ 47), രചിന്‍ രവീന്ദ്ര (49 പന്തില്‍ 34) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
സന്ദര്‍ശകര്‍ക്കായി ബ്രൈഡന്‍ ക്രേസും ഷോയ്ബ് ബഷീറും നാല് വിക്കറ്റ് വീതം നേടി. ഗസ് ആറ്റ്കിന്‍സണാണ് ശേഷിച്ച രണ്ട് വിക്കറ്റും നേടിയത്.
ലീഡ് സ്വന്തമാക്കാനുറച്ച് ആദ്യ ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് 499 റണ്‍സ് നേടി. ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 197 പന്തില്‍ നിന്നും പുറത്താകാതെ 171 റണ്‍സാണ് ബ്രൂക്ക് സ്വന്തമാക്കിയത്.
അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും വിക്കറ്റ് കീപ്പര്‍ ഒലി പോപ്പും സന്ദര്‍ശകര്‍ക്കായി തിളങ്ങി. സ്റ്റോക്‌സ് 146 പന്തില്‍ 80 റണ്‍സ് നേടിയപ്പോള്‍ 98 പന്തില്‍ 77 റണ്‍സാണ് പോപ്പ് സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്‌റി നാല് വിക്കറ്റ് നേടി. നഥാന്‍ സ്മിത്ത് മൂന്ന് വിക്കറ്റും ടിം സൗത്തി രണ്ട് വിക്കറ്റും നേടിയപ്പോള്‍ വില്‍ ഒ റൂര്‍കാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
Content Highlight: ENG vs NZ: Kane Williamson completed 9,000 test runs