ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ മോശം റെക്കോഡുമായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. ഹാഗ്‌ലി ഓവലില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെയാണ് റൂട്ടിനെ ഒരു മോശം റെക്കോഡ് തേടിയെത്തിയത്.
ന്യൂസിലാന്‍ഡിനെതിരായ ഈ ടെസ്റ്റ് റൂട്ടിന്റെ കരിയറില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മത്സരമാണ്. ഇംഗ്ലണ്ടിനായി കരിയറിലെ 150ാം ടെസ്റ്റ് മത്സരത്തിനാണ് താരം ഹാഗ്‌ലി ഓവലില്‍ കളത്തിലിറങ്ങിയത്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ സുപ്രധാന മത്സരത്തില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നേരിട്ട നാലാം പന്തില്‍ നഥാന്‍ സ്മിത്തിന് വിക്കറ്റ് നല്‍കി റൂട്ട് പുറത്തായി. ഇതോടെ 150ാം മത്സരത്തില്‍ ഡക്കായ താരമെന്ന അനാവശ്യ നേട്ടവും റൂട്ടിനെ തേടിയെത്തി.
എന്നാല്‍ ഈ അനാവശ്യ നേട്ടത്തില്‍ റൂട്ട് ഒറ്റയ്ക്കല്ല. റൂട്ടിന് മുമ്പ് ഈ നിര്‍ഭാഗ്യം വേട്ടയാടിയ രണ്ട് താരങ്ങള്‍ കൂടിയുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ റിക്കി പോണ്ടിങ്ങും ഓസ്‌ട്രേലിയന്‍ ഇതിഹാസം സ്റ്റീവ് വോയുമാണ് ഇത്തരത്തില്‍ 150ാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായത്.
2002ലാണ് വോ ഈ അനാവശ്യ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മാറിയത്. ഷാര്‍ജയില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് വോ ഇത്തരത്തില്‍ പുറത്തായത്. നേരിട്ട ആദ്യ പന്തിലായിരുന്നു വോയുടെ മടക്കം.
എന്നാല്‍ റിക്കി പോണ്ടിങ്ങിന്റെ ഡിസ്മിസ്സല്‍ കുറച്ചുകൂടി ഹൃദയഭേദകമായിരുന്നു. 2010ല്‍ നടന്ന ആഷസ് പരമ്പരയിലാണ് പോണ്ടിങ് പൂജ്യത്തിന് പുറത്തായത്. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ഗ്രെയം സ്വാന് ക്യാച്ച് നല്‍കി ഗോള്‍ഡന്‍ സഡക്കായാണ് പോണ്ടിങ് പുറത്തായത്.
അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ കെവിന്‍ പീറ്റേഴ്‌സണിന്റെ ഇരട്ട സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിനും 71 റണ്‍സിനും വിജയിച്ചിരുന്നു.
അതേസമയം, ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡിന് അടുത്തെത്തിയിരിക്കുകയാണ് ആതിഥേയര്‍. ആദ്യ മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ 29 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് പിന്നിലുള്ളത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയച്ചു. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ന്യൂസിലാന്‍ഡ് 348 റണ്‍സ് നേടി.
വില്യംസണ്‍ 197 പന്തില്‍ 93 റണ്‍സടിച്ചപ്പോള്‍ 87 പന്തില്‍ പുറത്താകാതെ 58 റണ്‍സാണ് ഫിലിപ്‌സ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ടോം ലാഥം (54 പന്തില്‍ 47), രചിന്‍ രവീന്ദ്ര (49 പന്തില്‍ 34) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ആതിഥേയര്‍ക്കായി ബ്രൈഡന്‍ ക്രേസും ഷോയ്ബ് ബഷീറും നാല് വിക്കറ്റ് വീതം നേടി. ഗസ് ആറ്റ്കിന്‍സണാണ് ശേഷിച്ച രണ്ട് വിക്കറ്റും നേടിയത്.
ലീഡ് സ്വന്തമാക്കാനുറച്ച് ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുന്നത്. 163 പന്തില്‍ നിന്നും പുറത്താകാതെ 135 റണ്‍സാണ് ബ്രൂക്ക് സ്വന്തമാക്കിയത്.
98 പന്തില്‍ 77 റണ്‍സടിച്ച ഒലി പോപ്പും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. 76 പന്തില്‍ 37 റണ്‍സുമായി നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ബ്രൂക്കിനൊപ്പം ക്രീസിലുള്ളത്.
Content Highlight: ENG vs NZ: Joe Root out for a duck in his 150th innings