കഴിഞ്ഞ ദിവസമാണ് ഐ.സി.സി ടി-20ഐ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെയാണ് പോയ വര്‍ഷത്തെ ഏറ്റവും മികച്ച ടി-20 താരമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തെരഞ്ഞെടുത്തത്.
സിംബാബ്‌വേ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസ, ഓസ്ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡ്, പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം എന്നിവരെ മറികടന്നുകൊണ്ടായിരുന്നു അര്‍ഷ്ദീപിന്റെ നേട്ടം.
പുരസ്‌കാര നേട്ടത്തില്‍ അര്‍ഷ്ദീപ് സിങ്ങിനെ അഭിനന്ദിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം നിക്ക് നൈറ്റ് (Nick Knight). ബാറ്റര്‍മാര്‍ക്ക് ഒട്ടും ഇഷ്ടമാകാത്ത തരത്തിലാണ് അര്‍ഷ്ദീപ് എല്ലായ്‌പ്പോഴും പന്തെറിയുന്നതെന്നും താരം തന്റെ മികച്ച ബൗളിങ് പ്രകടനത്തിലൂടെ എതിര്‍ ടീം ബാറ്ററെ സമ്മര്‍ത്തിലാഴ്ത്തുമെന്നും നൈറ്റ് പറഞ്ഞു.
നിക്ക് നൈറ്റ്
അര്‍ഷ്ദീപ് എല്ലായ്‌പ്പോഴും ബാറ്റര്‍മാരെക്കാള്‍ ഒരു പടി മുമ്പിലാണെന്നും അവര്‍ ചിന്തിക്കുന്നതെന്തെന്ന് അര്‍ഷ്ദീപിന് മനസിലാകുമെന്നും നൈറ്റ് കൂട്ടിച്ചേര്‍ത്തു.
‘ബാറ്റര്‍മാര്‍ക്ക് ഒട്ടും ഇഷ്ടമാകാത്ത രീതിയിലാണ് അര്‍ഷ്ദീപ് എല്ലായ്‌പ്പോഴും പന്തെറിയാറുള്ളത്. ഇക്കാരണത്താലാണ് അവനെ ഐ.സി.സി ടി-20ഐ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്. അവന്‍ എപ്പോഴും ബാറ്റര്‍മാരെക്കാള്‍ ഒരു പടി മുമ്പിലാണ്, അവര്‍ ചിന്തിക്കുന്നതെന്തെന്ന് അര്‍ഷ്ദീപിന് അറിയാം,’ നിക്ക് നൈറ്റ് വ്യക്തമാക്കി.
അര്‍ഷ്ദീപ് സിങ്
രണ്ടാം മത്സരത്തില്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.
ഇതിനൊപ്പം ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും അര്‍ഷ്ദീപിന് സാധിച്ചിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തിലാണ് അര്‍ഷ്ദീപ് ഈ റെക്കോഡ് സ്വന്തമാക്കിയത്.
96 വിക്കറ്റ് നേടിയ സൂപ്പര്‍ താരം യൂസ്വേന്ദ്ര ചഹലിനെ മറികടന്നാണ് അര്‍ഷ്ദീപ് ഒന്നാം സ്ഥാനത്തെത്തിയത്.
യൂസ്വേന്ദ്ര ചഹല്‍
2022ല്‍ കരിയര്‍ ആരംഭിച്ച അര്‍ഷ്ദീപ് രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി-20 ബൗളര്‍മാരില്‍ പ്രധാനിയായി മാറിയിരിക്കുകയാണ്. 62 ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞ താരം 18.13 ശരാശരിയിലും 13.1 സ്ട്രൈക്ക് റേറ്റിലുമാണ് പന്തെറിയുന്നത്. 2024 ടി-20 ലോകകപ്പില്‍ യു.എസ്.എയ്ക്കെതിരെ ഒമ്പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് അര്‍ഷ്ദീപിന്റെ മികച്ച പ്രകടനം.
(താരം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
അര്‍ഷ്ദീപ് സിങ് – 62 – 98
യൂസ്വേന്ദ്ര ചഹല്‍ – 79 – 96
ഹര്‍ദിക് പാണ്ഡ്യ – 99 – 92
ഭുവനേശ്വര്‍ കുമാര്‍ – 86 – 90
ജസ്പ്രീത് ബുംറ – 69 – 89
ആര്‍. അശ്വിന്‍ – 65 – 72
പരമ്പരയിലെ അടുത്ത മത്സരത്തില്‍ അര്‍ഷ്ദീപ് വിക്കറ്റ് നേട്ടത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ജനുവരി 28നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.
Content Highlight: ENG vs IND: Nick Knight praises Arshdeep Singh