| Wednesday, 25th September 2024, 9:41 pm

ഇന്ത്യയൊന്നും ചിത്രത്തില്‍ പോലുമില്ല, മൂന്നാമത് ലങ്ക; സ്വന്തം റെക്കോഡ് തകര്‍ക്കാനാകാതെ വീണ് ഓസ്‌ട്രേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പര തുടരുകയാണ്. മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പര 1-1ന് സമനിലയില്‍ പിരിഞ്ഞതോടെ ഏകദിന പരമ്പര നേടണം എന്ന വാശിയിലാണ് രണ്ട് ടീമുകളും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഓസ്‌ട്രേലിയ 2-1ന് മുമ്പിലാണ്. നേരിട്ട് പരമ്പര സ്വന്തമാക്കാനിറങ്ങിയ മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ കങ്കാരുക്കളെ ഞെട്ടിച്ചു.

ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 305 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് വളരെ മികച്ച രീതിയില്‍ തന്നെ ബാറ്റ് വീശി.

37.4 ഓവറില്‍ 254ന് നാല് എന്ന നിലയില്‍ നില്‍ക്കവെ മോശം കാലാവസ്ഥക്ക് പിന്നാലെ മത്സരം തടസ്സപ്പെട്ടു. ഡി.എല്‍.എസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ ഇംഗ്ലണ്ട് 46 റണ്‍സിന് മുമ്പിലായിരുന്നു. ഇതോടെ മത്സരം വിജയിക്കാനും പരമ്പര സജീവമായി നിലനിര്‍ത്താനും ഇംഗ്ലണ്ടിനായി.

എന്നാല്‍ വെറും തോല്‍വി മാത്രമല്ല ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്ക് സമ്മാനിച്ചത്. അവരുടെ അപരാജിത കുതിപ്പിന് കൂടിയാണ് ഇംഗ്ലീഷ് താരങ്ങള്‍ വിരാമമിട്ടത്.

തുടര്‍ച്ചയായ 14 ഏകദിനങ്ങള്‍ വിജയിച്ച് കുതിക്കുകയായിരുന്ന ഓസ്‌ട്രേലിയയുടെ അപരാജിത കുതിപ്പിനാണ് ഇതോടെ അവസാനമായത്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയോടാണ് ഓസ്‌ട്രേലിയ അവസാനമായി പരാജയപ്പെട്ടത്. അതിന് ശേഷമിങ്ങോട്ട് ഒറ്റ ഏകദിനം പോലും കങ്കാരുക്കള്‍ പരാജയപ്പെട്ടിരുന്നില്ല.

തുടര്‍ച്ചയായ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിക്കുന്ന ടീമുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കങ്കാരുക്കളുടെ ഈ അണ്‍ബീറ്റണ്‍ സ്ട്രീക് ഇടം നേടിയത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ തന്നെയാണ്.

ഏകദിനത്തില്‍ തുടര്‍ച്ചയായ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ച ടീമുകള്‍

(ടീം – വിജയം – വര്‍ഷം എന്നീ ക്രമത്തില്‍)

ഓസ്‌ട്രേലിയ – 21 – 2023

ഓസ്‌ട്രേലിയ – 14 – 2023-24*

ശ്രീലങ്ക – 13 – 2023

സൗത്ത് ആഫ്രിക്ക – 12 – 2005

പാകിസ്ഥാന്‍ – 12 – 2007-08

സൗത്ത് ആഫ്രിക്ക – 12 – 2016-17

റിവര്‍സൈഡ് ഗ്രൗണ്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. സൂപ്പര്‍ താരം അലക്‌സ് കാരിയുടെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

അലക്‌സ് കാരി 65 പന്തില്‍ പുറത്താകാതെ 77 റണ്‍സ് നേടി. 82 പന്തില്‍ 60 റണ്‍സാണ് സ്മിത് അടിച്ചുകൂട്ടിയത്. ആരോണ്‍ ഹാര്‍ഡി (26 പന്തില്‍ 44), കാമറൂണ്‍ ഗ്രീന്‍ (49 പന്തില്‍ 42), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25 പന്തില്‍ 30) എന്നിവരുടെ ഇന്നിങ്‌സും ടോട്ടലില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 304 എന്ന നിലയില്‍ ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രൈഡന്‍ ക്രേസ്, ജേകബ് ബേഥല്‍, വില്‍ ജാക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം അമ്പേ പാളിയെങ്കിലും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയും വില്‍ ജാക്‌സിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും ടീമിനെ തുണച്ചു. ബ്രൂക് 94 പന്തില്‍ പുറത്താകാതെ 110 റണ്‍സ് നേടിയപ്പോള്‍ 82 പന്തില്‍ 84 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ മഴനിയമത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ നാലാം മത്സരം. ലോര്‍ഡ്‌സാണ് വേദി. സീരീസ് ആക്ടീവായി നിര്‍ത്താന്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്.

Content Highlight: ENG vs AUS: England ends Australia’s unbeaten streak in ODI

We use cookies to give you the best possible experience. Learn more