ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടി-20യില്‍ ആതിഥേയര്‍ക്ക് ജയം. സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ആറ് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മിച്ചല്‍ മാര്‍ഷിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത ട്രാവിസ് ഹെഡിനൊപ്പം മാറ്റ് ഷോര്‍ട്ടാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും വെടിക്കെട്ട് പ്രകടനം തന്നെ പുറത്തെടുത്തപ്പോള്‍ ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ അര്‍ധ സെഞ്ച്വറി പിറന്നു.
അഞ്ച് ഓവര്‍ പിന്നിടും മുമ്പ് തന്നെ സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് കയറിയിരുന്നു. ടീം സ്‌കോര്‍ 52ല്‍ നില്‍ക്കവെ ക്യാപ്റ്റനെ ടീമിന് നഷ്ടമായി. പതിവുപോലെ വെടിക്കെട്ട് പുറത്തെടുത്ത ഹെഡ് 14 പന്തില്‍ 31 റണ്‍സ് നേടിയാണ് പുറത്തായത്. യുവതാരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കാണ് വണ്‍ ഡൗണായെത്തിയത്.
ഇതിന് മുമ്പ് ഹെഡിനൊപ്പം ഓപ്പണറായി ഇറങ്ങിയിരുന്നത് മക്ഗൂര്‍ക്കായിരുന്നു. എന്നാല്‍ മൂന്നാമനായി കളത്തിലിറങ്ങിയ മക്ഗൂര്‍ക്കും നിരാശനാക്കിയില്ല. ഇതിന് മുമ്പ് നടന്ന മത്സരങ്ങളിലെ പോരായ്മകളെല്ലാം മറന്ന് ഷോര്‍ട്ടിമൊപ്പം മികച്ച രീതിയില്‍ താരം ബാറ്റ് വീശി.
എന്നാല്‍ അധിക നേരം ആ കൂട്ടുകെട്ടിന് ആയുസ്സുണ്ടായിരുന്നില്ല. ടീം സ്‌കോര്‍ 87ല്‍ നില്‍ക്കവെ ഷോര്‍ട്ടിനെ പുറത്താക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 24 പന്തില്‍ 28 റണ്‍സടിച്ചാണ് ഷോര്‍ട്ട് മടങ്ങിയത്.
താമസിയാതെ മക്ഗൂര്‍ക്കും പുറത്തായി. 31 പന്തില്‍ 50 റണ്‍സ് നേടിയാണ് മക്ഗൂര്‍ക്ക് പുറത്തായത്. അന്താരാഷ്ട്ര ഫോര്‍മാറ്റില്‍ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്. നേരത്തെ ഏകദിന ഫോര്‍മാറ്റിലും സ്‌കോട്‌ലാന്‍ഡിനെതിരായ പരമ്പരയില്‍ ടി-20യിലും അരങ്ങേറ്റം കുറിച്ചെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല.
സ്‌കോട്‌ലാന്‍ഡിനെതിരായ പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നും വെറും 16 റണ്‍സാണ് മക്ഗൂര്‍ക്കിന് കണ്ടെത്താന്‍ സാധിച്ചത്. ഇതില്‍ രണ്ട് മത്സരത്തില്‍ പൂജ്യത്തിനായിരുന്നു ഓസീസ് യുവതാരം മടങ്ങിയത്.
കരിയറിലെ ആദ്യ അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി മക്ഗൂര്‍ക് പുറത്തായെങ്കിലും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലീസ് (26 പന്തില്‍ 42), ആരോണ്‍ ഹാര്‍ഡി (ഒമ്പത് പന്തില്‍ പുറത്താകാതെ 20) കാമറൂണ്‍ ഗ്രീന്‍ (എട്ട് പന്തില്‍ പുറത്താകാതെ 13) എന്നിവരുടെ ഇന്നിങ്‌സ് ടീമിനെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193ലെത്തിച്ചു.
ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റണും ബ്രൈഡന്‍ കാര്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദില്‍ റഷീദും സാം കറനുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മക്ഗൂര്‍ക്കിന്റെ അര്‍ധ സെഞ്ച്വറിക്ക് ഇംഗ്ലണ്ട് മറുപടി നല്‍കിയത് ലിയാം ലിവിങ്സ്റ്റണിന്റെ അര്‍ധ സെഞ്ച്വറിയിലൂടെയായിരുന്നു. യുവതാരത്തിന്റെ കന്നി അര്‍ധ സെഞ്ച്വറി തന്നെ പാഴാക്കിയാണ് ലിവിങ്സ്റ്റണ്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ ഫില്‍ സോള്‍ട്ടും വില്‍ ജാക്‌സും ചേര്‍ന്ന് 34 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 10 പന്തില്‍ 12 റണ്‍സ് നേടിയ ജാക്‌സിനെ മടക്കി ഷോണ്‍ അബോട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ജോര്‍ദന്‍ കോക്‌സിനെ സില്‍വര്‍ ഡക്കാക്കിയും അബോട്ട് മടക്കിയതോടെ 34ന് രണ്ട് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു.
എന്നാല്‍ നാലാമനായി ലിവിങ്‌സ്റ്റണ്‍ ക്രീസിലെത്തിയതോടെ കളി മാറി. ലിവിങ്‌സ്റ്റണ്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ സോള്‍ട്ട് മറുവശത്ത് നിന്ന് പിന്തുണ നല്‍കി.
മൂന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സോള്‍ട്ടും പുറത്തായി. 23 പന്തില്‍ 39 റണ്‍സ് നേടിയാണ് സോള്‍ട്ട് പുറത്തായത്.
പിന്നാലെയെത്തിയ ജേകബ് ബേഥലും ഓസീസ് ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചു. 90 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്കടുപ്പിച്ചു. ടീം സ്‌കോര്‍ 169ല്‍ നില്‍ക്കവെ ബേഥലിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. 24 പന്തില്‍ 44 റണ്‍സ് നേടിയാണ് സൂപ്പര്‍ താരം പുറത്തായത്. മാറ്റ് ഷോര്‍ട്ടാണ് വിക്കറ്റ് നേടിയത്.
പിന്നാലെയെത്തിയ സാം കറനെയും ഷോര്‍ട്ട് അതിവേഗം മടക്കിയതോടെ അത്ര പെട്ടെന്ന് തോല്‍ക്കാന്‍ തയ്യാറല്ല എന്ന സന്ദേശവും ഓസ്‌ട്രേലിയ നല്‍കി.
എന്നാല്‍ മറുവശത്ത് ഉറച്ചുനിന്ന ലിവിങ്‌സ്റ്റണും ഉറച്ചുതന്നെയായിരുന്നു. സ്‌കോര്‍ സമനിലയിലാക്കിയ ശേഷമാണ് ലിവിങ്‌സ്റ്റണ്‍ തന്റെ വിക്കറ്റ് ഷോര്‍ട്ടിന് സമ്മാനിച്ചത്. 47 പന്തില്‍ 87 റണ്‍സ് നേടിയാണ് ലിവിങ്സ്റ്റണ്‍ മടങ്ങിയത്. ആറ് ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ലിവിങ്‌സ്റ്റണ് ശേഷം ക്രീസിലെത്തിയ ബ്രൈഡന്‍ കാര്‍സിനെ ഷോര്‍ട്ട് ഗോള്‍ഡന്‍ ഡക്കാക്കിയെങ്കിലും ഒമ്പതാം നമ്പറിലെത്തിയ ആദില്‍ റഷീദ് നേരിട്ട ആദ്യ പന്തില്‍ തന്നെ വിജയ റണ്‍സ് ഓടിയെടുക്കുകയായിരുന്നു.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലെത്തിക്കാനും ഇംഗ്ലണ്ടിനായി.
കങ്കാരുക്കള്‍ക്കായി മാറ്റ് ഷോര്‍ട്ട് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഷോണ്‍ അബോട്ടാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റും നേടിയത്.
നാളെയാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.
Content Highlight: ENG vs AUS 2nd T20: England defeated Australia