| Tuesday, 15th September 2020, 4:02 pm

കെ.ടി ജലീലിനെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചുവരുത്തും; ക്ലീന്‍ ചിറ്റില്ലെന്ന് ഇ.ഡി പറഞ്ഞതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കെ.ടി ജലീലിന് എന്‍ഫോഴ്‌സ്‌മെന്റ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് മേധാവി അറിയിച്ചതായി മനോരമ ന്യൂസും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ജലീലിന് എന്‍ഫോഴ്‌സ്‌മെന്റ് ക്ലീന്‍ചിറ്റ് നല്‍കിയതായി ന്യൂസ് 18 ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജലീലിന്റെ മൊഴികളില്‍ ചില വൈരുദ്ധ്യം ഉള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരേ്രക്ടറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് എന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയുമാണ് ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത്. ജലീലിന്റെ മൊഴി ദല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ദല്‍ഹിലേക്ക് കൈമാറിയത്.

പ്രധാനമായും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലാണ് മന്ത്രി വിശദാംശങ്ങള്‍ നല്‍കിയത് എന്നാണ് അറിയുന്നത്. ഖുര്‍ആന്‍ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളില്‍ ഒരു വിശദീകരണം നല്‍കണം എന്ന് ഇ.ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എഴുതി തയ്യാറാക്കിയ ഒരു കത്ത് മന്ത്രി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ മറുപടി വിശദമായി പരിശോധിച്ച ശേഷം ഇതില്‍ വ്യക്തത വരുത്താനായിട്ടായിരുന്നു ജലീലിനെ വിളിച്ചവരുത്തിയത്.

കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് അറിയിച്ചതായ റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.

സ്വര്‍ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തതെന്നും സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇ.ഡി അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇ.ഡി ആവശ്യപ്പെട്ടതുപ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളും ജലീല്‍ ഹാജരാക്കിയിരുന്നു. ഈ രേഖങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായോ സ്വത്ത് കൈവശം വെച്ചതായോ കണ്ടെത്താനായിട്ടില്ലെന്നും ഇ.ഡി അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കെ.ടി ജലീലിനെതിരെ ചില പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത് എന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT; Enforcement will summon KT Jaleel for questioning; ED reportedly said there was no clean chit

We use cookies to give you the best possible experience. Learn more