| Wednesday, 21st October 2020, 7:52 am

കെ.എം. ഷാജി കോഴ വാങ്ങിയെന്ന പരാതി; ഇന്ന് ലീഗ് നേതാക്കളുടെ മൊഴിയെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ലീഗ് നേതാക്കളില്‍ നിന്ന് മൊഴിയെടുക്കും. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് നേതാക്കളോട് ഇന്ന് കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കെ.എം ഷാജി പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയാണ് എന്ന പരാതിയിലാണ് ആദ്യ അന്വേഷണം. ഇതുവരെ മുപ്പതിലധികം പേര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

2013-14 കാലയളവില്‍ അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗം അനുവദിക്കാന്‍ എം.എല്‍.എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച കത്താണ് കേസിനാധാരം. ഈ പരാതി ചോരുകയും പരാതി സി.പി.ഐ.എം നേതാവ് മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തതോടെ വിജിലന്‍സ് സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ കോഴ വാങ്ങിയെന്ന് വ്യക്തമായതായി നേരത്തെ എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. ചെലവ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2014 ല്‍ 30 ലക്ഷവും 2015ല്‍ 35 ലക്ഷവും സംഭാവന ഇനത്തില്‍ സ്‌കൂളിന് വരുമാനമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഈ രണ്ടു വര്‍ഷങ്ങളിലും 35 ലക്ഷം രൂപ വീതം ചെലവ് ഇനത്തില്‍ കാണിക്കുന്നുണ്ട്. ഇതില്‍ 25 ലക്ഷം രൂപ കെ.എം ഷാജിക്ക് നല്‍കിയതായി എഫ്.ഐ.ആറില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Enforcement probe into KM Shaji MLA’s bribery case

We use cookies to give you the best possible experience. Learn more