| Thursday, 14th December 2023, 6:58 pm

വസ്തുതകളുമായി ബന്ധമില്ലാത്ത അന്വേഷണം പാടില്ലെന്ന് കോടതി; മസാലബോണ്ട് കേസില്‍ തോമസ് ഐസകിനെതിരായ സമന്‍സുകള്‍ പിന്‍വലിച്ച് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കുമെതിരായ സമന്‍സ് പിന്‍വലിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസില്‍ പുറപ്പെടുവിച്ച മുഴുവന്‍ സമന്‍സുകളും പിന്‍വലിച്ചതായി ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.

വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടാണ് ഇ.ഡി സമന്‍സ് അയച്ചതെന്നും അന്വേഷണ ഏജന്‍സിയുടെ നിയമവിരുദ്ധമായ നടപടികള്‍ വിലയിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തോമസ് ഐസക്കിന്റെയും കിഫ്ബി ഉദ്യോഗസ്ഥരുടെയും ഹരജി കോടതി പരിഗണിക്കവേയാണ് ഇ.ഡിയുടെ പുതിയ തീരുമാനം.

കേസില്‍ ഇ.ഡി സമന്‍സുകള്‍ പൂര്‍ണമായും പിന്‍വലിച്ചതിനെ തുടര്‍ന്ന് തോമസ് ഐസക്കിന്റെയും കിഫ്ബി ഉദ്യോഗസ്ഥരുടെയും ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. എന്നാല്‍ മസാല ബോണ്ട് കേസില്‍ ഇ.ഡിക്ക് നിയമപരമായ അന്വേഷണം തുടരാമെന്നും കോടതി നിര്‍ദേശിച്ചു. വസ്തുതകളുമായി ബന്ധമില്ലാത്തതും പരാതി സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയുള്ളതുമായ അന്വേഷണം പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചതില്‍ തനിക്കെതിരെ ഒരു അന്വേഷണവും നടത്തരുതെന്ന് പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം (roving and fishing expedition) പറ്റില്ലായെന്ന് മാത്രമാണ് തന്റെ വാദമെന്നും അത് കോടതി അടിവരയിട്ട് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയതെന്നും ആ പണം എന്തിന് വിനിയോഗിച്ചൂവെന്നത് മാസാമാസം കിഫ്ബി റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അക്കാര്യങ്ങളില്‍ ഇ.ഡിക്ക് ഒരു കുറ്റവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും തോമസ് ഐസക് പ്രതികരിച്ചു.

ഇ.ഡിക്ക് നിശ്ചയമായിട്ടും ഇനിയും കേസ് അന്വേഷിക്കാം പക്ഷേ, എന്തെങ്കിലും തെളിവുമായിട്ടേ തന്നെ വിളിപ്പിക്കാന്‍ പാടുള്ളുവെന്നും അല്ലാത്തപക്ഷം വീണ്ടും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Enforcement Directorate withdraws summons against Thomas Isaac in masala bond case

We use cookies to give you the best possible experience. Learn more