കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ മൊഴി എടുക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയില്‍ ഇ.ഡി നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴി എടുക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഇടപാടുകളില്‍ തീരുമാനമെടുത്ത എല്ലാ വ്യക്തികളുടെയും മൊഴികള്‍ കേസില്‍ പ്രധാനപ്പെട്ടതാണെന്നും ഇ.ഡി സത്യവാങ്മൂലത്തില്‍ പറയുന്നു.
നേരത്തെ കേസിലെ അന്വേഷണ നടപടികളില്‍ കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.അതിനാലാണ് മുന്‍ ധനമന്ത്രിക്ക് വീണ്ടും സമന്‍സ് അയച്ചതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. തോമസ് ഐസക്ക് അന്വേഷണ നടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും ഇ.ഡി ആരോപിച്ചു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹൈക്കോടതിയെയും അധികാരികളെയും അദ്ദേഹം വെല്ലുവിളിക്കുന്നുവെന്നും ഇ.ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണം പൂര്‍ത്തിയാക്കണമെങ്കില്‍ ഐസക്കിന്റെ മൊഴി എടുക്കണമെന്ന് ഇ.ഡി ഊന്നിപ്പറഞ്ഞു.
എന്നാല്‍ കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു. ഇ.ഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമെന്നാണ് ഐസക്കിന്റെ വാദം.
ഇതുസംബന്ധിച്ച ഹരജികള്‍ അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. മെയ് 22 ന് കേസ് പരിഗണിക്കുക. അടിയന്തര സാഹചര്യമുണ്ടായാല്‍ ഹരജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ടി.ആര്‍. രവി പറഞ്ഞു.
Content Highlight: Enforcement Directorate want to take statement of former finance minister Thomas Isaac in masala bond case