സിദ്ദീഖ് കാപ്പനടക്കം അഞ്ച് പേര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ.ഡി
Kerala News
സിദ്ദീഖ് കാപ്പനടക്കം അഞ്ച് പേര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2021, 1:56 pm

ന്യൂദല്‍ഹി: ഹാത്രാസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനടക്കം അഞ്ചുപേര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലക്‌നൗ പ്രത്യേക കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു.

കാപ്പനെ കൂടാതെ ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതിക്കൂര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, മദ് ആലം, റൗഫ് ഷെരീഫ് എന്നിവര്‍ക്കെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിന്റെ നിര്‍ദേശ പ്രകാരമാണ് കാപ്പനുള്‍പ്പെടെയുള്ളവര്‍ ഹാത്രാസിലേക്ക് എത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

അതികൂര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, മദ് ആലം, സിദ്ദീഖ് കാപ്പന്‍ എന്നിവരെ ഹാത്രാസില്‍ ‘കലാപം’ സൃഷ്ടിക്കാന്‍ പോകുമ്പോള്‍ അറസ്റ്റ് ചെയ്തുവെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ റൗഫ് ധനസമാഹരണം നടത്തിയെന്നുമാണമ് കുറ്റപത്രത്തില്‍ പറയുന്നത്.

വിദേശ രാജ്യത്തുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇതിനായുള്ള ഗൂഢാലോചനയുടെ ഭാഗമായി. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറ് കോടി രൂപ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലെത്തിയെന്നും ഈ ഫണ്ട് പൗരത്വ സമരത്തിനും ഹാത്രാസില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്നാണ് യു. പി പൊലീസ് റൗഫ് ഷെരീഫിനെതിരായി ആരോപിക്കുന്ന കുറ്റം. എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റിലായ റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ 2.21 കോടി രൂപ കണ്ടെത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം. മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. വിദേശത്ത് നിന്നും ഈ അക്കൗണ്ടുകളിലേക്ക് 31 ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നും ആരോപിക്കുന്നു.

5 പ്രതികളോടും മാര്‍ച്ച് 18ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Enforcement directorate took case against Siddique Kappan and five others