| Thursday, 23rd July 2015, 10:18 am

ലളിത് മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ശക്തമാക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലളിത് മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ശക്തമാക്കാനൊരുങ്ങുന്നു. ലളിത് മോദിയുള്‍പ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടരന്വേഷണം നടത്തുന്നുന്നതിന്റെ ഭാഗമായി ഏജന്‍സിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ കര്‍ശനമായി നിര്‍ദ്ദേശം കൊടുക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി രണ്ടാമത്തേതും അവസാനത്തേതുമായ സമന്‍സ് ദിവസങ്ങള്‍ക്കുള്ളില്‍ ഏജന്‍സി പുറപ്പെടുവിക്കും.

ഇന്ത്യയിലെ മോദിയുടെ ഓഫീസുകളിലേക്കായിരിക്കും സമന്‍സ് അയക്കുക. ഇമെയില്‍ വഴിയോ സഹായികള്‍ വഴിയോ ആയിരിക്കില്ല ഇത്തവണ സമന്‍സ് കൈമാറുക. പകരം സമന്‍സ്  പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നേരത്തെ അയച്ചിരുന്ന സമന്‍സിന് മോദിയില്‍ നിന്നും മറുപടിയില്‍ നിന്നും ലഭിച്ചിരുന്നില്ല.

എന്നാല്‍ “തനിക്ക് സമന്‍സ് ലഭിച്ചിട്ടില്ല. ഞാന്‍ ലണ്ടനിലാണ് കഴിയുന്നതെന്ന് അവര്‍ക്കറിയാം.  സമന്‍സിനായി ഞാന്‍ കാത്തിരിക്കുകയാണ്” എന്നായിരുന്നു ലളിത് മോദി ജൂലൈ ആറിന് ട്വീറ്റ് ചെയ്തത്. ഇമെയില്‍ അയക്കുന്നതിന് മുമ്പ് മോദിയുടെ നിയമോപദേശകര്‍ വഴി സമന്‍സ് കൈമാറാന്‍ ശ്രമിച്ചിരുന്നെങ്കിലും തങ്ങള്‍ക്ക് അതിന് അധികാരമില്ലെന്ന് കാരണം പറഞ്ഞ് അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

മോദിക്ക് തന്റെ നിരപരാധിത്വം വ്യക്തമാക്കാനുള്ള രണ്ടാമത്തേതും അവസാനത്തെ അവസരമായിരിക്കും ഇത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 14 ഓളം വിവരങ്ങളാണ് ഏജന്‍സി സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  മോദിയുടേയും കുടുംബത്തിന്റേയും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും രാജ്യത്തിനകത്തും പുറത്തുമുള്ള സ്വത്തുവിവരങ്ങളും കമ്പനികളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഒരു വശത്ത് ലളിത് മോദി വിഷയം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറുമ്പോള്‍. മറുവശത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി കനപ്പിക്കാനൊരുങ്ങുന്നതൊടെ പ്രതിസന്ധിയിലാവുകയാണ് മോദി.

We use cookies to give you the best possible experience. Learn more