കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സംഘത്തിന് നേരെ ആക്രമണം. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയ സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ എത്തിച്ചു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷേക്കിന്റെ വീടിനു സമീപത്താണ് ഇ.ഡി സംഘം ആക്രമിക്കപ്പെട്ടത്. ഇ.ഡി സംഘത്തെയും അവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന അര്‍ദ്ധ സൈനികരെയും
200 ലധികം വരുന്ന പ്രദേശവാസികള്‍ ആക്രമിക്കുകയായിരുന്നു.
‘റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് നേരെ ഒരുപാട് പരാതികള്‍ വരുന്നുണ്ട്. അത് അനുസരിച്ച് ഇ.ഡി ക്കും മറ്റ് ഏജന്‍സികള്‍ക്കും അന്വേഷണം നടത്തിയെ മതിയാകൂ. അത്തരം സാഹചര്യങ്ങളില്‍ അന്വേഷണ സംഘത്തെ ആക്രമിക്കുന്നത് ശരിയല്ല. റോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ നിന്നുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ രാജ്യത്തിന്റെ ക്രമസമാധാനത്തെ തകര്‍ക്കുന്നതാണ്,’ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു.
പശ്ചിമ ബംഗാളിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേധു അധികാരി പറഞ്ഞു. അക്രമികളില്‍ റോഹിങ്ക്യക്കാര്‍ ഉണ്ടെന്ന് സംശയം ഉള്ളതായും അധികാരി പറഞ്ഞു. കൂടാതെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കണം എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോടും ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനോടും അദ്ദേഹം ആവശ്യപെട്ടു.
റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വ്യാപക റെയ്ഡാണ് ഇ.ഡി നടത്തുന്നത്. റേഷന്‍ കടകളിലെ സാധനങ്ങളില്‍ 30 ശതമാനം വീതം പുറത്തേക്ക് കടത്തുന്നതായും ഇ.ഡി റിപ്പോര്‍ട്ടുണ്ട്.
മില്ലുടമകള്‍ ചില സഹകരണ സംഘങ്ങളൂടെ പിന്തുണയോടെ കര്‍ഷകരുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും നെല്ല് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട എം.എസ്.പി തുക തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കാലങ്ങളായി തട്ടിപ്പ് നടക്കുകയാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് അറസ്റ്റ് ചെയ്ത മില്ലുടമ ബക്കിക്കുര്‍ റഹമാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഒക്ടോബര്‍ 11, 26 നവംബര്‍ 4 എന്നീ തീയതികളില്‍ നടത്തിയ അന്വേഷണത്തില്‍ 1.42 കോടി രൂപയും ചില സാധനങ്ങളും പിടിച്ചെടുത്തിരുന്നു. ഒരു ഷെല്‍ കമ്പനി ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 16.87 കോടി രൂപയും മരവിപ്പിച്ചിരുന്നു. അതുപോലെ കള്ളപണ വെളുപ്പിക്കല്‍ കേസില്‍ ബംഗാള്‍ മന്ത്രി ജ്യോതി പ്രിയോ മല്ലിക്കിയെയും അറസ്റ്റ് ചെയ്തിരുന്നു.
2011 മുതല്‍ 2021 വരെ ബംഗാള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആയിരുന്നു ജ്യോതി പ്രിയോ മല്ലിക്കി. മല്ലിക്കിനെ നവംബര്‍ ആറ് വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.
content Highlight: Enforcement Directorate team attacked in Bengal