| Monday, 14th September 2020, 12:14 pm

ലൈഫ് മിഷന്‍ പദ്ധതി വിവാദം; യു. വി ജോസിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈഫ് മിഷന്‍ സി.ഇ.ഒ യു. വി ജോസിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഏത് ദിവസം ഹാജരാകണം എന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല.

അതേസമയം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് യു. വി ജോസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുള്ള ധാരണാ പത്രത്തില്‍ ഒപ്പു വെച്ചത് ലൈഫ് മിഷന്റെ സി.ഇ.ഒ ആയ യു. വി ജോസായിരുന്നു. ഇത് സംബന്ധിച്ച് ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നേരത്തെയും നോട്ടീസ് നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ സി.ഇ.ഒ യു. വി ജോസ് ധാരണാപത്രം ഒപ്പിട്ടത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചതെന്ന ആക്ഷേപമുയര്‍ന്നിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നാലേകാല്‍ കോടിയോളം രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം. ധാരണാപത്രം ഒപ്പ് വെച്ചതിലെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി ഫയലുകള്‍ പരിശോധനയ്ക്കായി ആവശ്യപ്പെട്ടിരുന്നു.

തദ്ദേശവകുപ്പിലേയും നിയമവകുപ്പിലേയും ഫയലുകളാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കരാറില്‍ ശിവശങ്കറിന്റെ ഇടപെടലുകളാണ് മുഖ്യമായും പരിശോധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എം. ശിവശങ്കര്‍ ഇതുമായി ബന്ധപ്പെട്ട് അനധികൃത ഇടപാടുകള്‍ നടത്തിയോ എന്ന കാര്യമായിരുന്നു അന്ന് മുഖ്യമന്ത്രി പരിശോധിച്ചത്. നേരത്തെ തദ്ദേശഭരണവകുപ്പ് ആവശ്യപ്പെട്ട നിര്‍ദേശങ്ങളൊന്നും അന്തിമ ധാരണ പത്രത്തില്‍ ഉണ്ടായിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നെന്ന് പറയുന്നതില്‍ അഴിമതി സാധ്യതയുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണക്കുകൂട്ടുന്നുണ്ട്. ഇതിന് പിന്നാലെയാണ് യു. വി ജോസിനോട് ഹാജരാകാന്‍ നിര്‍ദേശം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Enforcement Directorate sent notice to U V Jose for questioning

Latest Stories

We use cookies to give you the best possible experience. Learn more