ഹൈദരാബാദ്: ടി.ആര്‍.എസ്. എം.പി. നമ നാഗേശ്വരറാവുവിന്റെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. 1064 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് റെയ്ഡ്.
റാഞ്ചി എക്‌സ്പ്രസ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരുടെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.
റാഞ്ചി-ജംഷഡ്പൂര്‍ (എന്‍.എച്ച്. -33) പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് 2019 മാര്‍ച്ചില്‍ റാഞ്ചി എക്‌സ്പ്രസ് വേ ലിമിറ്റഡ്, മധുകോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനി, കാനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഓഫ് ബാങ്കുകള്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നേരത്തെ ഹൈക്കോടതി സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി എസ്.എഫ്.ഐ.ഒയെ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) നിയോഗിക്കുകയും ചെയ്തിരുന്നു.
എസ്.എഫ്.ഐ.ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത്.
പദ്ധതിയുടെ പുരോഗതി പരിശോധിക്കാതെ കാനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 1,029.39 കോടി രൂപ അനുവദിച്ചെന്നും ഇതില്‍ 264 കോടി ഡോളര്‍ കമ്പനികള്‍ വഴിതിരിച്ചുവിട്ടതായും ഈ പദ്ധതിക്കായി ഉപയോഗിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ.ഒ. റിപ്പോര്‍ട്ടില്‍ പറയുന്നു.